കള്ളപ്പണ ഇടപാട്: അഭിഷേക് ബാനര്‍ജിക്ക് വീണ്ടും ഇ.ഡി സമന്‍സ്

ന്യൂഡല്‍ഹി: കള്ളപ്പണം, കല്‍ക്കരി കുംഭകോണ കേസുകളുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജിക്ക് വീണ്ടും ഇഡി സമന്‍സ് അയച്ചു. അഭിഷേകിനെ തിങ്കളാഴ്ച ഡല്‍ഹിയില്‍ വെച്ച് ഇ.ഡി ഒമ്പത് മണിക്കൂറിലേറെ സമയം ചോദ്യം ചെയ്തിരുന്നു. സെപ്റ്റംബര്‍ 21ന് ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അഭിഷേകിന് നിര്‍ദേശം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയാറാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടുന്നതില്‍ പരാജയപ്പെട്ട ബി.ജെ.പി, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും അഭിഷേക് ബാനര്‍ജി നേരത്തെ പ്രതികരിച്ചിരുന്നു.

കേസില്‍ ബാനര്‍ജിയുടെ ഭാര്യ രുജിര ബാനര്‍ജിക്കും ഇ.ഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ന്യൂഡല്‍ഹിയില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കൊല്‍ക്കത്തയിലെ വീട്ടിലെത്തി തന്നെ ചോദ്യം ചെയ്യാമെന്നും രുജിര ഇ.ഡിയെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായി രുജിരയെ സി.ബി.ഐ. അവരുടെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.

 

Top