ന്യൂഡല്‍ഹി: ശബരിമലയിലെ സമരം ബിജെപി ആസൂത്രണം ചെയ്തതാണെന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയുടെ വെളിപ്പെടുത്തലിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ബിജെപി ഏറ്റവും ലജ്ജാകരമായ രീതിയില്‍ മതവിശ്വാസങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വി കുറ്റപ്പെടുത്തി.
ഇപ്പോള്‍ പുറത്തു വന്നത് പരസ്യമായ രഹസ്യമാണെങ്കിലും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ബിജെപിയുടെ അടിസ്ഥാനം തന്നെ ഇത്തരത്തിലുള്ള വിദ്വേഷം പരത്തുകയാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. വിശ്വാസങ്ങളെയും ആശയങ്ങളെയും ആശയങ്ങളെയും തങ്ങളുടെ സ്വാര്‍ഥ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും സിംഗ്വി കുറ്റപ്പെടുത്തി.