നിരാഹാരം കിടന്ന കെ.എസ്.യുക്കാരും അന്തംവിട്ടു, എസ്.എഫ്.ഐ മാര്‍ച്ച് കണ്ട്

സ്.എഫ്.ഐയെ വേട്ടയാടുന്ന മാധ്യമ കണ്ണുകളെ ഞെട്ടിച്ച് ആര്‍ത്തിരമ്പി പാല്‍ക്കടല്‍. അവകാശ പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് ശുഭ്ര പതാകയേന്തി ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് തെരുവിലിറങ്ങിയത്. പലയിടത്തും ശക്തമായ മഴ പോലും വിദ്യാര്‍ത്ഥികളുടെ ആവേശത്തിനു മുന്നില്‍ വഴി മാറുകയുണ്ടായി. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ വലിയ ആവേശത്തിലാണ് എസ്.എഫ്.ഐ മാര്‍ച്ചില്‍ പങ്കെടുത്തത്.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ യൂണിവേഴ്‌സിറ്റി കോളെജിലെ വിദ്യാര്‍ത്ഥികളായിരുന്നു ശ്രദ്ധാകേന്ദ്രം. കോളെജിന്‌ അവധിയായിട്ടും നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് മാര്‍ച്ചില്‍ പങ്കെടുക്കുവാന്‍ മാത്രമായി എത്തിയിരുന്നത്. പോരാളികളുടെ ഈ ക്യാമ്പസ്‌ ചെങ്കോട്ട തന്നെയാണെന്ന് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മറ്റ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും ഇത് വലിയ ആവേശമാണുണ്ടാക്കിയത്.

യൂണിവേഴ്‌സിറ്റി കോളെജിലെ സംഘര്‍ഷം ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ തകര്‍ന്നു എന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മാസ് മറുപടിയായിരുന്നു ഈ സംഘശക്തി. ഒരു അഭിഭാഷക കെ.എസ്.യു മുദ്രാവാക്യം വിളിച്ച് സെക്രട്ടറിയേറ്റില്‍ നടത്തിയ മിന്നല്‍ സമരത്തെ ആഘോഷമാക്കിയ മാധ്യമങ്ങളുടെ കണ്ണുപോലും തള്ളിപോകുന്നതായിരുന്നു എസ്.എഫ്.ഐയുടെ ഈ ഉശിരന്‍ പ്രകടനം.

കേരളത്തിലെ കാമ്പസുകള്‍ എസ്.എഫ്.ഐക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഒറ്റക്കെട്ടായാണ് പ്രഖ്യാപിച്ചത്. അംഗീകാരം ഇല്ലാത്ത കോഴ്‌സുകള്‍ നടത്തുന്ന വിദ്യാഭാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുക, ജനാധിപത്യ വേദികള്‍ക്കായി നിയമനിര്‍മ്മാണം നടത്തുക, എസ്.സി, എസ്.ടി മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുളള പഠനാനുകൂല്യം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ 51 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നത്.

ജില്ലയിലെ 19 ഏരിയാ കമ്മറ്റികളില്‍ നിന്നും കാര്യവട്ടം ക്യാമ്പസ് കമ്മറ്റിയില്‍ നിന്നുമായി പതിനായിരത്തലെറെ വിദ്യാര്‍ത്ഥികളാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം പങ്കാളികളായത്. എല്ലാ ഏരിയാ കമ്മറ്റികളില്‍ നിന്നും പ്രത്യേകം പ്രത്യേകം ബാനറിലാണ് വിദ്യാര്‍ത്ഥികള്‍ അണിനിരന്നത്.

മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കായിരുന്നു മാര്‍ച്ച്. അധികം തയ്യാറെടുപ്പുകള്‍ നടത്താതെ പെട്ടെന്ന് സംഘടിപ്പിച്ച ഒരു മാര്‍ച്ചില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് സംഘടനക്ക് ഇതിനകം തന്നെ വലിയ നേട്ടമായിക്കഴിഞ്ഞിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളെജില്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവമാണ് എസ്.എഫ്.ഐക്കെതിരായ സംഘടിത നീക്കമായി മാറിയിരുന്നത്. മാധ്യമങ്ങളും പ്രതിപക്ഷവും എന്തിനേറെ ഭരണപക്ഷ സംഘടനയായ എ.ഐ.എസ്.എഫ് പോലും ഒറ്റക്കെട്ടായാണ് ആക്രമിച്ചത്. ഇവര്‍ക്കൊപ്പം തീവ്ര സംഘടനകളും സജീവമായി രംഗത്തിറങ്ങുകയുണ്ടായി.

ഇത്രയും വലിയ കടന്നാക്രമണം എസ്.എഫ്.ഐയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സംഘടന നേരിട്ടത്. ഞാഞ്ഞൂലിനും പത്തി വെച്ച കാലമായിരുന്നു ഇത്. എന്നാല്‍ എതിരാളികളുടെ അതിക്രമങ്ങളെയും മാധ്യമ വിചാരണകളെയും സംഘടനാ ശക്തി ഉപയോഗിച്ചാണ് എസ്.എഫ്.ഐ ഇപ്പോള്‍ പൊളിച്ചടുക്കിയിരിക്കുന്നത്.

മാധ്യമങ്ങളും പ്രതിപക്ഷവും ഭീകര സംഘടനയാക്കിയ വിദ്യാര്‍ത്ഥി സംഘടനക്ക് പിന്നില്‍ വീണ്ടും അണിനിരന്നാണ് വിദ്യാര്‍ത്ഥികള്‍ എസ്.എഫ്‌ഐയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. കള്ളക്കഥകള്‍ക്ക് അല്‍പായുസ് മാത്രമേ ഉള്ളൂവെന്നും മാധ്യമ വാര്‍ത്തകള്‍ ആരും വിശ്വസിക്കുന്നില്ലെന്നതിനുമുള്ള തെളിവാണിത്. കോപ്പിയടി കഥ മെനഞ്ഞ മാധ്യമത്തിന് അത് തിരുത്തി മാപ്പു പറയേണ്ടി വന്നത് തന്നെ വിദ്യാര്‍ത്ഥി രോഷം ഭയന്നായിരുന്നു.

ഇതിനിടെ എസ്.എഫ്.ഐ ആക്രമണത്തിനെതിരെ എന്ന് പറഞ്ഞ് നിരാഹാര സമരം നടത്തുന്ന കെ.എസ്.യുവും ഇപ്പോള്‍ വെട്ടിലായിട്ടുണ്ട്. സംസ്ഥാന അദ്ധ്യക്ഷന്‍ അഭിജിത്തിനൊപ്പം നിരാഹാര പന്തലില്‍ ഇരിക്കുന്ന നേതാവിന്റെ ഫോട്ടോ തിരിച്ചറിഞ്ഞതാണ് തിരിച്ചടിയായത്.

നബീല്‍ കല്ലമ്പലം എന്ന ഈ കെ.എസ്.യു നേതാവ് ഗ്രൂപ്പ് പോരിന്റെ പേരില്‍ സഹപ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയാണ്. ഈ നേതാവിനെ ഒപ്പം നിര്‍ത്തി കെ.എസ്.യു പ്രസിഡന്റ് പ്രഹസന സമരമാണ് നടത്തുന്നതെന്ന അഭിപ്രായം ആ സംഘടനക്കുള്ളില്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു.

എന്നാല്‍ എസ്.എഫ്.ഐ വേട്ട നടത്തുന്ന മാധ്യമങ്ങള്‍ക്ക് ഇതൊന്നും ഒരു വാര്‍ത്തയേയല്ല. എസ്.എഫ്.ഐ എന്ന് എഴുതിയ ഒരു ബോര്‍ഡ് നോ പാര്‍ക്കിങ് മേഖലയില്‍ കണ്ടാല്‍ പോലും കേസെടുക്കണമെന്ന മാനസികാവസ്ഥ മാത്രമാണ് അവരെ ഇപ്പോള്‍ നയിക്കുന്നത്.

Political Reporter

Top