ഹമാസ് – ഇസ്രയേൽ യുദ്ധത്തിന്റെ ഒന്നാം ദിനം ജീവൻ നഷ്ടമായത് 480ഓളം പേർക്ക്

ദില്ലി: ഹമാസ് – ഇസ്രയേൽ യുദ്ധത്തിന്റെ ഒന്നാം ദിനം ജീവൻ നഷ്ടമായത് 480ഓളം പേർക്ക്. ഹമാസിന്റെ ആക്രമണത്തിൽ 250നടുത്ത് മനുഷ്യർ കൊല്ലപ്പെട്ടെന്ന് ഇസ്രായേലും, ഇസ്രായേലിന്റെ തിരിച്ചടിയിൽ 230 ഓളം പേർ കൊല്ലപ്പെട്ടെന്ന് പലസ്തീനും പറയുന്നു.

ഗാസയുടെ ആകാശത്തിനും മണ്ണിനും തീപിടിച്ച രാത്രിയാണ് കടന്നുപോയത്. ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി നഗരത്തിന് മുകളിൽ ഇസ്രായേൽ തീ മഴ പെയ്യിച്ചു.

ഇസ്രായേലിലും വലിയ തോതിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. ടെൽ അവീവ് നഗരത്തിലെ കെട്ടിടങ്ങൾ ഹമാസ് റോക്കറ്റ് ആക്രമണത്തിൽ തകർന്നു. 150-ലധികം റോക്കറ്റുകൾ ടെൽ അവീവ് ലക്ഷ്യമാക്കി അയച്ചുവെന്നാണ് ഹമാസിന്റെ അവകാശവാദം.

ടെൽ അവീവിലേക്കുള്ള വിമാന സർവ്വീസുകൾ ഭൂരിഭാഗവും എയർലൈനുകൾ റദ്ദാക്കി. അമേരിക്കൻ എയർലൈൻസും എയർഫ്രാൻസും എമിറേറ്റ്സുമെല്ലാം സർവ്വീസുകൾ റദ്ദാക്കി. ജർമ്മനിയും ലുഫ്താൻസയും താത്കാലികമായി സർവ്വീസുകൾ നിർത്തിവയ്ക്കുകയാണ്.

ഇസ്രായേലിന്റെ നഹാൽ ബ്രിഗേഡിന്റെ കമാഡൻർ കേണൽ ജൊനാതൻ സ്രൈൻബെർഗ് ഹമാസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നുഴഞ്ഞു കയറിയ ഹമാസുകാരെ കണ്ടെത്താൻ ഇസ്രായേലിന്റെ ശ്രമവും തുടരുകയാണ്.

ലെബനനിലെ ഹെസബുള്ള സൈന്യവും ഇസ്രായേലിനെതിരായ യുദ്ധത്തിൽ പങ്കുചേരുമോയെന്ന ആശങ്കയും ശക്തമാണ്. അങ്ങനെ സംഭവിച്ചാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും.

ഗാസയിലേക്ക് ഇസ്രായേൽ സൈന്യം കടന്നു കയറുമെന്ന റിപ്പോർട്ടുകളുമുണ്ട്. 2014ലേതിന് സമാനമായ വമ്പൻ ആക്രമണത്തിന് ഇസ്രായേൽ കോപ്പുകൂട്ടുന്നുവെന്നാണ് റിപ്പോർട്ട്.

Top