‘താര’ വിവാഹത്തിന് ഗവർണ്ണറും, വിവാഹ ക്ഷണവും ‘പ്രചരണ’മാക്കി പ്രണയജോഡി

തിരുവനന്തപുരം: വി.ഐ.പി പ്രണയവും വിവാഹവുമെല്ലാം സ്വാഭാവികമായും വാര്‍ത്തയാണ്. പക്ഷേ വിവാഹക്ഷണവും വാര്‍ത്തയാക്കാന്‍ നോക്കിയാലോ ?

കോണ്‍ഗ്രസ്സ് എംഎല്‍എ ശബരിനാഥും, തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും തമ്മിലുള്ള പ്രണയവും വിവാഹ പ്രഖ്യാപനവുമെല്ലാം കേരളത്തില്‍ ഏറെ ശ്രദ്ധ നേടിയ സംഭവമാണ്.

പ്രണയം സംബന്ധിച്ച് ഗോസിപ്പ് ഇറങ്ങുന്നതിനു മുന്‍പ് തന്നെ വിവാഹതീരുമാനം പരസ്യമായി പ്രഖ്യാപിച്ച് ഈ പ്രണയ ജോഡികള്‍ മാതൃകയുമായി.

എന്നാല്‍ സിനിമാ താരങ്ങളുടെ വിവാഹത്തിന് ലഭിക്കുന്നതിനേക്കാള്‍ പ്രാധാന്യം ഐഎഎസ് -എം എല്‍ എ പ്രണയജോഡികള്‍ക്ക് ലഭിച്ചതോടെ ഇവരുടെ ചില പ്രതികരണങ്ങളും വിമര്‍ശനത്തിനിടയായി.

‘മഴ നനഞ്ഞ് ശബരിനാഥിന്റെ കൈ പിടിച്ച് നടക്കണമെന്ന’ സബ് കളക്ടറുടെ പ്രതികരണമാണ് പ്രധാനമായും വിമര്‍ശനത്തിന് കാരണമായിരുന്നത്.

ഒരു കോളജ് വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥയിലേക്ക് സബ് കളക്ടര്‍ ദിവ്യ തരംതാഴരുതെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോലും അഭിപ്രായമുയര്‍ന്നു.

ഇത്തരം ആഗ്രഹങ്ങള്‍ പരസ്യമാക്കി ഒരു സബ് കളക്ടര്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്കിടയിലെ പൊതു വികാരം.

പ്രണയത്തെ സംബന്ധിച്ച് ദിവ്യയും ശബരിയും നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയകളിലും രൂക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു.

സമ്പത്ത് കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും സമ്പന്നരായവരുടെ പ്രണയത്തെ ‘മഹത്’ വല്‍ക്കരിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതാണ് പ്രതിഷേധത്തിന് കാരണമായിരുന്നത്.

ഒരുമിച്ച് ജീവിക്കാന്‍ പറ്റാത്തതിന്റെ പേരില്‍ ഒരുമിച്ച് ആത്മഹത്യ ചെയ്ത പ്രണയ ജോഡികളായ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കൊച്ചി കായലില്‍ നിന്ന് കണ്ടെടുത്ത സമയത്തായിരുന്നു ഈ പ്രതികരണങ്ങളെന്നതും ശ്രദ്ധേയമാണ്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാഹ ക്ഷണവും ‘താര’ ജോഡികള്‍ ഇപ്പോള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്.

വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ആദ്യം കത്ത് നല്‍കി അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചാണ് ദിവ്യ വിവാഹക്ഷണ പരിപാടിക്ക് തുടക്കമിട്ടത്.

ഇതിന്റെ ഫോട്ടോയും വാര്‍ത്തകളും വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സംസ്ഥാന ഗവര്‍ണ്ണര്‍ പി.സദാശിവത്തിന് വിവാഹ ക്ഷണക്കത്ത് ഇരുവരും ചേര്‍ന്ന് നല്‍കിയതും ഗവര്‍ണ്ണറെ ക്ഷണിച്ച കാര്യവും പടം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ഇതെല്ലാം പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടാണെന്നും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നുമുള്ള അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്നത്.

ക്യാമറ കണ്ണിലല്ലാതെ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കാണ് ആത്മാര്‍ത്ഥതയും വിശ്വാസ്യതയും കൂടുതലെന്നാണ് വിമര്‍ശകരുടെ കമന്റുകള്‍.

എംഎല്‍എയും സബ് കളക്ടറും ജനസേവകരാണ് എന്നതിനാലാണ് തങ്ങള്‍ വിമര്‍ശിക്കുന്നതെന്നാണ് ഈ വിഭാഗത്തിന്റെ വാദം.

അതേസമയം 30 ന് തലസ്ഥാനത്ത് നടക്കുന്ന വിവാഹം ‘ചരിത്ര’ സംഭവമാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.

ഗവര്‍ണ്ണര്‍ക്കു പുറമെ സംസ്ഥാനത്തെ എല്ലാ ഐഎഎസ് – ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കും എം എല്‍ എ മാര്‍, മന്ത്രിമാര്‍, എം പിമാര്‍, സെക്രട്ടറിയേറ്റിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്കൊക്കെ ശബരിനാഥ് എംഎല്‍എയുടെയും – ദിവ്യ ഐഎഎസിന്റെയും വിവാഹത്തിന് ക്ഷണമുണ്ട്.

Top