ഐ എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ ഭാര്യമാരിലൊരാള്‍ പിടിയില്‍

അങ്കാറ: കൊല്ലപ്പെട്ട ഐ എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ ഭാര്യമാരിലൊരാളെ പിടികൂടി. തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗാനാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്.

”പിടികൂടാനുള്ള ശ്രമത്തിതിനിടെ തുരങ്കത്തില്‍ വെച്ച് ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചെന്ന് അമേരിക്ക പറയുന്നു. അവര്‍ അത് പ്രചാരണായുധമാക്കി. പക്ഷേ ഈ വിവരം ആദ്യമായാണ് ഞാന്‍ പറയുന്നത്. ബാഗ്ദാദിയുടെ ഭാര്യയെ പിടികൂടിയിട്ടുണ്ട്. പക്ഷേ അവരെപ്പോലെ പറഞ്ഞുനടക്കുന്നില്ല.”-എര്‍ദോഗാന്‍ അറിയിച്ചു.

ബാഗ്ദാദിയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ്, അവരുടെ മക്കള്‍ എന്നിവരെയും കഴിഞ്ഞ ദിവസം തുര്‍ക്കി പിടികൂടിയിരുന്നു.

ഇക്കഴിഞ്ഞ 27നാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. സിറിയയിലെ അമേരിക്കന്‍ സൈനിക നടപടിക്കിടയില്‍ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ബാഗ്ദാദി കൊല്ലപ്പെട്ട വിവരം പുറം ലോകത്തെ അറിയിച്ചത്.

സെന്യം ഇരച്ചെത്തിയപ്പോള്‍ ഭയന്ന് വിറച്ച് ബാഗ്ദാദിന്റെ മൂന്ന് കുട്ടികളുമായി അലറിവിളിച്ച് കരഞ്ഞുകൊണ്ട് ഓടി, ഒരു തുരങ്കത്തിനകത്തേക്ക് കടക്കുകയും സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്.

Top