അബുദാബി: ദേശീയ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് അബുദാബിയിലെ ഹോട്ടലുകളിലെ സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് ദേശീയ അണുനശീകരണ പരിപാടിയുടെ ഭാഗമായി നിലവില്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഹോട്ടലുകളിലെ ജീവനക്കാര്‍ ഈ സമയത്ത് പുറത്തുപോകാന്‍ പാടില്ലെന്ന് അബുദാബി സാംസ്‌കാരിക – വിനോദസഞ്ചാര വകുപ്പ് എമിറേറ്റിലെ ഹോട്ടലുകള്‍ക്കും ടൂറിസം സ്ഥാപനങ്ങള്‍ക്കും അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഹോട്ടലുകളിലെ സേവനങ്ങള്‍ പരമാവധി 50 ശതമാനം പേരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രവര്‍ത്തിക്കണം. റസ്റ്റോറന്റുകള്‍, ജിമ്മുകള്‍, സ്വിമ്മിങ് പൂളുകള്‍, പ്രൈവറ്റ് ബീച്ചുകള്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം ബാധകം. എന്നാല്‍ ഹോട്ടല്‍ മുറികളിലെ താമസത്തിന് നിയന്ത്രണം ബാധകമല്ല.
നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളിലും ടൂറിസം സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്ന് സാംസ്‌കാരിക – വിനോദസഞ്ചാര വകുപ്പ് അറിയിച്ചിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. ബലി പെരുന്നാള്‍ അവധി തുടങ്ങുന്ന തിങ്കളാഴ്ച മുതലാണ് അബുദാബിയില്‍ രാത്രി യാത്രാ വിലക്കും പ്രാബല്യത്തില്‍ വരുന്നത്.