അബുദാബി: അബുദാബിയില്‍ വീടുകള്‍ക്ക് മുന്‍പില്‍ നോ പാര്‍ക്കിംങ് ബോര്‍ഡുകള്‍ക്ക് വിലക്ക്. ലംഘിച്ചാല്‍ 1,000 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അധികാരികള്‍ അറിയിച്ചു. നിയമപരമല്ലാതെ വീടുകള്‍ക്ക് മുന്നില്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരില്‍ നിന്നാണ് 1,000 ദിര്‍ഹം വരെ പിഴ ഈടാക്കുന്നത്.
ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വ്യാപകമായതോടെയാണ് പുതിയ നീക്കവുമായി അധികൃതര്‍ രംഗത്തെത്തിയത്. ഇനി നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ കണ്ടെത്തിയാല്‍ വീട്ടുകാര്‍ ഒരു മാസത്തിനകം 1,000 ദിര്‍ഹം പിഴ സര്‍ക്കാരില്‍ അടയ്‌ക്കേണ്ടി വരും. പിഴ അടയ്ക്കാത്തവര്‍ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മുന്‍സിപ്പാലിറ്റിയുടെ അംഗീകാരമില്ലാതെ സ്ഥാപിക്കുന്ന നോ പാര്‍ക്കിങ് ബോര്‍ഡുകള്‍, പരസ്യങ്ങള്‍, സൈന്‍ ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം നിയമവിരുദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു. നഗരത്തിന്റെ മുഖഛായയെ ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.