മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്കുവേണ്ടി പുതിയ വ്യക്തി നിയമവുമായി അബുദാബി

അബുദാബി: മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് വേണ്ടി പുതിയ വ്യക്തിനിയമം രൂപീകരിച്ച് അബുദാബി. ഇസ്‌ലാമിക നിയമം അനുസരിച്ചല്ലാത്ത വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണാവകാശം, അനന്തരാവകാശം എന്നിവ ഇനി മുതല്‍ പുതിയ നിയമത്തിന് കീഴില്‍ വരും. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് പുതിയ വ്യക്തി നിയമം സംബന്ധിച്ച ഉത്തരവിട്ടത്.

വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംയുക്ത സംരക്ഷണം, അനന്തരാവകാശം എന്നിവ ഉള്‍ക്കൊള്ളുന്ന 20 വകുപ്പുകളാണ് പുതിയ വ്യക്തി നിയമത്തിലുള്ളത്. വിദേശികളായ സ്ത്രീയുടെയും പുരുഷന്റെയും സമ്മതത്തോടെ നടക്കുന്ന വിവാഹം സംബന്ധിച്ചുള്ളതാണ് നിയമത്തിലെ ആദ്യ അധ്യായം.

മുസ്‌ലിം ഇതര വിഭാഗങ്ങളുടെ വിവാഹമോചന നടപടിക്രമങ്ങള്‍, വിവാഹമോചനത്തിനു ശേഷമുള്ള സ്ത്രീയുടെയും പുരുഷന്റെയും അവകാശങ്ങള്‍ എന്നിവയാണ് നിയമത്തിന്റെ രണ്ടാം ഭാഗത്തിലുള്ളത്. വിവാഹിതരായി ജീവിച്ച കാലയളവ്, ഭാര്യയുടെ പ്രായം, സാമ്പത്തിക നില തുടങ്ങി നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക അവകാശങ്ങള്‍ വിലയിരുത്തുന്നതിനുള്ള ജഡ്ജിയുടെ വിവേചനാധികാരം എന്നിവയും ഈ രണ്ടാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.

മൂന്നാമത്തെ അദ്ധ്യായം വിവാഹമോചനത്തിനു ശേഷമുള്ള കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ളതും നാലാം ഭാഗം അനന്തരാവകാശത്തെക്കുറിച്ചുള്ളതുമാണ്. മുസ്‌ലിംകളല്ലാത്തവരുടെ കുടുംബ സംബന്ധമായ കേസുകള്‍ പരിഗണിക്കുന്നതിനായി അബുദാബിയില്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇംഗീഷിലും അറബിയിലും ഈ കോടതിയില്‍ നടപടിക്രമങ്ങള്‍ നടക്കും.

 

Top