വിനോദ സഞ്ചാര മേഖലയില്‍ പരസ്പര സഹകരണത്തിന് അബുദാബി – കേരളം ധാരണ

അബുദാബി: വിനോദ സഞ്ചാര മേഖലയില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അബുദാബിയും കേരളവും തീരുമാനിച്ചു. യു.എ.ഇ. യില്‍ സന്ദര്‍ശനം നടത്തുന്ന സംസ്ഥാന വിനോദ സഞ്ചാര പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അബുദാബി ടൂറിസം സാംസ്‌കാരിക ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്കുമായി അബുദാബിയില്‍ വെച്ച് നടത്തി കൂട്ടിക്കാഴ്ചയിലാണ് തീരുമാനം. ഇത് സംബന്ധിച്ച ധാരണ പത്രത്തില്‍ അടുത്ത് തന്നെ ഒപ്പ് വെക്കാനും യോഗം തീരുമാനിച്ചു.

ആഗോള വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ പ്രാധാന്യവും മഹിമയും മന്ത്രി മുഹമ്മദ് ഖലീഫക്ക് വിവരിച്ചു കൊടുത്തു. കേരളത്തിന്റെ പച്ചപ്പും പ്രകൃതി ഭംഗിയും ആതിഥ്യ മര്യാദയുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ അങ്ങോട്ട് ആകര്‍ഷിക്കുന്നത്. ഈ മേഖലയിലുള്ള നിക്ഷേപ സാഹചര്യങ്ങളെ കുറിച്ചു മുഹമ്മദ് റിയാസ് വിശദീകരിച്ചു.

വിനോദ സഞ്ചാര മേഖലയിലെ പരസ്പര സഹകരണം ഈ മേഖലയില്‍ കൂടുതല്‍ ഉണര്‍വുണ്ടാക്കും. കോവിഡിനെ തുടര്‍ന്നുണ്ടായ നിര്‍ജീവാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സഞ്ചാരികളെ യു.എ.ഇ.യില്‍ നിന്നും പ്രത്യേകിച്ച് അബുദാബിയില്‍ നിന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.മെയ് ആദ്യവാരം കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെ അതിഥിയായി പങ്കെടുക്കാന്‍ മന്ത്രി അബുദാബി ടൂറിസം ചെയര്‍മാനെ ക്ഷണിച്ചു.

വിനോദ സഞ്ചാര മേഖലയില്‍ കേരളവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് മുഹമ്മദ് ഖലീഫ അല്‍ മുബാറക് യോഗത്തില്‍ അറിയിച്ചു. അബുദാബി സര്‍ക്കാര്‍ കമ്പനിയും അടിസ്ഥാന സൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫിലെ തന്നെ ഏറ്റവും വലിയ കമ്പനികളൊന്നായ കമ്പനികളിലൊന്നായ അല്‍ദാറുമായി സഹകരിച്ച് കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ നിക്ഷേപ സാധ്യതകളെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമാണെന്നും അല്‍ദാര്‍ കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ മുഹമ്മദ് ഖലീഫ അല്‍ മുബാറക് അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായി മെയ് മാസത്തില്‍ അബുദാബി വിനോദ സഞ്ചാര ഉന്നതതല സംഘം കേരളത്തില്‍ എത്തുമെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു.

വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജ ഐ. എ.എസ്., അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

Top