അബുദാബി: യു.എ.ഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) കൊച്ചിയിലെ പെട്രോ കെമിക്കല്‍ കോംപ്ലക്സില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. അബുദാബിയിലെ അഡ്‌നോക് ആസ്ഥാനത്ത് സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് അവര്‍ ഇതുസംബന്ധിച്ച സന്നദ്ധത അറിയിച്ചത്.
പുതിയ പദ്ധതിയുടെ ഭാഗമായി ജോയിന്റ് ടാസ്‌ക് ഫോഴ്സ്‌രൂപവത്കരിക്കാനും ധാരണയായി. നിക്ഷേപ സാധ്യതകളെക്കുറിച്ച് സമിതി പഠനം നടത്തും. ഇതിനുശേഷം ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. പെട്രോളിയം മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യ തങ്ങളുടെ പ്രഥമപരിഗണനയിലാണെന്നും ഏറെ സാധ്യതകളാണ് ഈ രംഗത്ത് ഇന്ത്യയിലുള്ളതെന്നും സുല്‍ത്താന്‍ ജാബര്‍ പറഞ്ഞു.
കേരളത്തില്‍ ഇപ്പോള്‍ പെട്രോളിയം മേഖലയിലെ വികസനത്തിനാവശ്യമായ സ്ഥലസൗകര്യം ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി,എം.എ യൂസഫലി, അഡ്നോക് ആക്ടിങ് സിഇഒ മുഹമ്മദ് അല്‍ അര്‍യാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കുകൊണ്ടു.