അബുദബി: പൊതുസ്ഥലത്ത് വാഹനങ്ങളില്‍ നിന്ന് മനപൂര്‍വ്വം അമിത ശബ്ദം ഉണ്ടാക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദബി പൊലീസ്. പൊതു സ്ഥലങ്ങളില്‍ അമിത ശബ്ദം പുറപ്പെടുവിപ്പിച്ച് ശാന്തത നഷ്ടപ്പെടുത്തുകയോ, റോഡുകളില്‍ അപകടങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യരുതെന്നാണ് ഡ്രൈവര്‍മാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്ന് 2000 ദിര്‍ഹം പിഴയായി ഈടാക്കുന്നതാണ്. ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 20 പ്രകാരമുള്ള അമിത ശബ്ദത്തില്‍ വാഹനം ഓടിക്കുന്നതിനുള്ള ശിക്ഷയും ലഭിക്കും.
സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് അബുദബി പൊലീസ് നിര്‍ദേശിച്ചു. പൊതു റോഡുകള്‍ സുരക്ഷിതവും നിശബ്ദവുമാണെന്ന് ഉറപ്പുവരുത്തണമെന്നും പൊലീസ് നിര്‍േദശിച്ചു. 999 കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ഹോട്ട്ലൈനിലൂടെ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ കുറിച്ച് നേരിട്ട് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
കൂടാതെ ഇത്തരത്തില്‍ വാഹനമോടിക്കുന്നവര്‍ക്കായുള്ള മുന്നറിയിപ്പ് നല്‍കുന്ന ബോധവത്കരണ വീഡിയോ പൊലീസ് പുറത്തുവിട്ടു. അമിതമായി ശബ്ദമുണ്ടാക്കുന്ന ഹോണ്‍, അമിതമായി ആക്സിലറേഷന്റെ ഉപയോഗം എന്നിവ ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത് കുട്ടികള്‍, രോഗികള്‍, പ്രായമായവര്‍ ഉള്‍പ്പടെയുള്ള താമസക്കാര്‍ക്കിടയില്‍ കാര്യമായ അസ്വസ്ഥതയും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്നും പൊലീസ് പറഞ്ഞു.