അബുദാബി: കൊവിഡ് വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. പുതിയ തീരുമാനം സെപ്റ്റംബര്‍ അഞ്ചു മുതല്‍ പ്രാബല്യത്തില്‍ വരും. ഗ്രീന്‍ ലിസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിന്‍ സ്വീകരിക്കാത്ത യാത്രക്കാര്‍ക്ക് 10 ദിവസം ക്വാറന്റീന്‍ തുടരും. ഇവര്‍ ഒമ്പതാമത്തെ ദിവസം പിസിആര്‍ പരിശോധന നടത്തണം.
വാക്സിന്‍ സ്വീകരിച്ചവരും അല്ലാത്തവരും അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത പി സി ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. വാക്സിന്‍ എടുത്തവരുള്‍പ്പെടെ എല്ലാവരും അബുദാബിയില്‍ എത്തിയ ശേഷം പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം.
വാക്സിന്‍ എടുത്തവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കിയെങ്കിലും ഇവര്‍ അബുദാബിയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും പിസിആര്‍ പരിശോധന നടത്തുകയും വേണം. റസിഡന്റ് വിസക്കാര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും പുതിയ നിയമം ബാധകമാണ്.