മുംബൈ സ്‌ഫോടന കേസില്‍ പരോള്‍ അനുവദിച്ചില്ല; അബൂ സലീമിന്റെ തുടര്‍ന്ന് വിവാഹം തടസപ്പെട്ടു

മുംബൈ: മുംബൈ സ്‌ഫോടനക്കേസ് പ്രതി അബു സലിം വിവാഹം കഴിക്കാനായി 45 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തള്ളി. സയദ് ബഹര്‍ കൗസര്‍ എന്ന യുവതിയുമായി മേയ് അഞ്ചിന് വിവാഹം നടത്താനിരുന്ന അബു വെള്ളിയാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷ നവി മുംബൈ കമ്മീഷണര്‍ തള്ളുകയായിരുന്നു. 1993ലെ മുംബൈ സ്‌ഫോടന കേസില്‍ പ്രത്യേക ടാഡ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച അബൂ സലീം നിലവില്‍ തലോജ ജയിലിലാണ് കഴിയുന്നത്. സലിമിന്റെ പരോള്‍ അപേക്ഷ നിരസിച്ച വിവരം തലോജ ജയില്‍ സൂപ്രണ്ടന്റ് സ്ഥിരീകരിച്ചു.

250 പേര്‍ കൊല്ലപ്പെടുകയും, 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ സ്‌ഫോടനങ്ങള്‍ക്കുശേഷം ഇയാള്‍ നടിയും കാമുകിയുമായ മോനിക്ക ബേദിക്കൊപ്പം ഇന്ത്യ വിടുകയും 2002ല്‍ പോര്‍ച്ചുഗല്‍ പൊലീസിന്റെ പിടിയിലാകുകയും ചെയ്തിരുന്നു. 2003ല്‍ ഒരു പോര്‍ച്ചുഗല്‍ കോടതി അബു സലീമിന് നാലര വര്‍ഷവും ബേദിയ്ക്കു രണ്ടു വര്‍ഷവും തടവുശിക്ഷ വിധിച്ചു. ഗുജറാത്ത് തീരത്തു നിന്ന് എ.കെ 56 തോക്കുകളും വെടിക്കോപ്പുകളും മുംബൈയില്‍ എത്തിച്ച് നടന്‍ സഞ്ജയ് ദത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്‌തെന്നാണ് അബൂ സലിമിനെതിരായ കുറ്റം.

Top