അബുദബി: വിനോദ സഞ്ചാര മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ മുതല്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ അബുദാബി. ജൂലൈ ഒന്നു മുതല്‍ ഗ്രീന്‍ പട്ടികയില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി നല്‍കാനാണ് പദ്ധതിയിടുന്നതെന്ന് ടൂറിസം ആന്റ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി അല്‍ ശൈബ പറഞ്ഞു.
കൊവിഡ് വ്യാപന നിരക്ക് കുറഞ്ഞ ഗ്രീന്‍ പട്ടികയില്‍ പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാവും ഈ ആനുകൂല്യം ലഭിക്കുക. നിലവില്‍ 22 രാജ്യങ്ങളാണ് സൗദിയുടെ ഗ്രീന്‍ പട്ടികയില്‍ ഉള്ളത്. അടുത്തയാഴ്ചയോടെ കൂടുതല്‍ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി അത് വിപുലപ്പെടുത്തും. അതോടെ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ ഇളവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ബ്രിട്ടന്‍, ചൈന, റഷ്യ, ആസ്‌ത്രേലിയ, ന്യൂസിലാന്റ്, ജപ്പാന്‍, സൗദി അറേബ്യ, ഗ്രീന്‍ലാന്റ്, ഐസ്‌ലാന്റ്, മൊറോക്കോ, ക്യൂബ, ഉസ്‌ബെക്കിസ്താന്‍, താജികിസ്താന്‍, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളാണ് ഗ്രീന്‍ പട്ടികയിലുള്ളത്.
ഇന്ത്യയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് അലി അല്‍ ശൈബ പറഞ്ഞു. ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണിത്. അബുദബിയെ സംബന്ധിച്ചിടത്തോളം ടൂറിസം രംഗത്തെ പ്രധാന മാര്‍ക്കറ്റാണ് ഇന്ത്യ.