അബുദാബി: കോവിഡിനെ പ്രതിരോധിക്കാന്‍ സ്റ്റെം സെല്‍ ചികിത്സ വികസിപ്പിച്ചെടുത്ത അബുദാബി സ്റ്റെം സെല്‍ റിസര്‍ച്ച് സെന്ററിന്റെ സംഘത്തില്‍ മലയാളിയും.
കാസര്‍കോട് സ്വദേശിനി ധന്യാ നായരാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ചറായിരുന്നതിന്റെ അനുഭവസമ്പത്ത് കൂടി കൈമുതലാക്കി ഈ വിജയസംഘത്തിന്റെ പ്രധാന കണ്ണിയായത്.
കോവിഡ് പടര്‍ന്നുപിടിച്ചശേഷം രാവും പകലും രോഗികളോടൊപ്പം ഇടപഴകിയ അനുഭവസമ്പത്തും ധന്യക്കുണ്ടായിരുന്നു. നീണ്ട പരിശ്രമത്തിന് ശേഷമാണ് സംഘത്തിന് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കാനായത്.
കോവിഡ് രോഗബാധിതരുടെ രക്തത്തില്‍ നിന്ന് മൂലകോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്.
സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് നൂതനവും വാഗ്ദാനപ്രദവുമായ ചികിത്സ വികസിപ്പിക്കുന്നതിന് യുഎഇ സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നല്‍കി. 73 രോഗികളില്‍ വിജയകരമായി പരീക്ഷണം നടത്തിയിട്ടുണ്ട്. ശ്വാസകോശ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും രോഗപ്രതിരോധ പ്രതികരണം ക്രമീകരിക്കുകയും ചെയ്യുന്നതിലൂടെ ഇത് ചികിത്സ ഫലമുണ്ടാക്കുമെന്ന് അനുമാനിക്കുന്നു.
ചികിത്സയുടെ ഫലപ്രാപ്തി തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.