റഫറി ആന്റണി ടെയ്ലറെ അധിക്ഷേപിച്ചു; എഎസ് റോമ പരിശീലകന്‍ ജോസെ മൊറീഞ്ഞ്യോയ്ക്ക് വിലക്ക്

സ്വിറ്റ്സര്‍ലന്‍ഡ്: എഎസ് റോമ മുഖ്യ പരിശീലകന്‍ ജോസെ മൊറീഞ്ഞ്യോയെ നാല് യൂറോപ്പ ലീഗ് മത്സരങ്ങളില്‍ നിന്ന് വിലക്കി യുവേഫ. ഇക്കഴിഞ്ഞ യൂറോപ്പ ലീഗ് ഫൈനലിന് ശേഷം റഫറി ആന്റണി ടെയ്ലറെ അധിക്ഷേപിച്ചതിനാണ് നടപടി.

മൊറീഞ്ഞ്യോയെ വിലക്കിയതിനു പുറമെ ക്ലബ്ബിന് പിഴയും ചുമത്തിയിട്ടുണ്ട്. യൂറോപ്പ ലീഗ് ഫൈനലില്‍ സെവിയ്യയോട് റോമ പരാജയപ്പെട്ടതിന് പിന്നാലെയാണ് സംഭവം. മത്സരത്തിനിടെ എടുത്ത തീരുമാനങ്ങളുടെ പേരില്‍ മൊറീഞ്ഞ്യോ റഫറിക്കെതിരേ തുറന്നടിച്ചിരുന്നു. ഇത് ടെയ്‌ലറെയും കുടുംബത്തെയും ബുദാപെസ്റ്റ് വിമാനത്താവളത്തില്‍ റോമ ആരാധകര്‍ ആക്രമിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തിച്ചു.

ഇതോടൊപ്പം സ്റ്റേഡിയത്തില്‍ പടക്കം പൊട്ടിക്കല്‍, വസ്തുക്കള്‍ എറിയല്‍, നാശനഷ്ടമുണ്ടാക്കല്‍, ജനക്കൂട്ടത്തെ ശല്യപ്പെടുത്തല്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ റോമയ്ക്ക് 55,000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്. മാത്രമല്ല, സ്റ്റേഡിയത്തിനുള്ളില്‍ ആരാധകര്‍ വരുത്തിയ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് 30 ദിവസത്തിനകം ഹംഗേറിയന്‍ ഫുട്ബോള്‍ ഫെഡറേഷനുമായി ബന്ധപ്പെടാന്‍ ക്ലബിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top