തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചെന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെ.മുരളീധരന്‍ എം.പി.ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം കോര്‍പറേഷനിലെ നികുതിവെട്ടിപ്പിനെതിരായ സമരത്തിലായിരുന്നു മുരളീധരന്റെ അധിക്ഷേപം.
‘ കാണാന്‍ നല്ല സൗന്ദര്യം ഒക്കെയുണ്ട് ശരിയാ… പക്ഷെ വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഇന്നലെ പെയ്ത മഴയത്ത് മാത്രം കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും അത് തീരും. ഇത്തരത്തില്‍ നിരവധിപേരെ കണ്ടിട്ടുള്ള നഗരസഭയാണിത്. ഇങ്ങനെ പോവുകയാണെങ്കില്‍ മേയറെ നോക്കി കനക സിംഹാസനത്തില്‍ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരും.’ എന്നായിരുന്നു മുരളീധരന്റെ വിവാദ പരാമര്‍ശം.
അതേസമയം, മേയര്‍ ആര്യാ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയതോടെ കെ. മുരളീധരന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മേയര്‍ക്ക് പക്വതയില്ലെന്ന വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുന്നതായി മുരളീധരന്‍ പറഞ്ഞു. എന്നാല്‍ പക്വത അളക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആര്യയും തിരിച്ചടിച്ചിരുന്നു.