തിരുവനന്തപുരം : പ്രാഥമിക സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതമെന്ന് സഹകരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍.
കേന്ദ്ര സര്‍ക്കാര്‍ സഹകരണമേഖലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും സഹകരണമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനിച്ചു.
നിക്ഷേപത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട. നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കും. എല്ലാ വിഷയത്തിലും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
നോട്ട് മാറ്റത്തെ തുടര്‍ന്ന് സഹകരണ സ്ഥാപനങ്ങളുടെ കീഴിലുള്ള നിത്യോപയോഗ വില്‍പന കേന്ദ്രങ്ങള്‍ പ്രസിസന്ധിയിലാണ്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം സഹകരണ സ്ഥാപനങ്ങള്‍ വഴി ഏര്‍പ്പെടുത്തണം. കേരളത്തിലെ സഹകരണ സംഘങ്ങള്‍ വിപണിയില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ കഴിയില്ല. സഹകരണ സംഘങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിച്ചാല്‍ വലിയ പ്രശ്‌നമുണ്ടാകുമെന്നും എസി മൊയ്തീന്‍ ചൂണ്ടിക്കാട്ടി.
ഇതിനായി ജില്ലാ ബാങ്കുവഴി പണം കൈമാറാന്‍ ശ്രമിക്കും. സ്വകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയാല്‍ പണം പിന്നീട് നല്‍കാനുള്ള ധാരണയിലൂടെ സാധനങ്ങള്‍ എത്തിക്കാനാവും. വിഎഫ്പിസികെ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഹകരണ സംഘങ്ങളുടെ പ്രതിസന്ധി മറികടക്കാന്‍ നിയമപരമായ എല്ലാ സാധ്യതകളും തേടും. റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് നിയമോപദേശം ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പല സബ്‌സിഡികളും നല്‍കാന്‍ കഴിയുന്നില്ല. കര്‍ഷക സബ്‌സിഡി അടക്കം പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു.
വിവാഹ ആവശ്യത്തിന് സ്വര്‍ണ്ണം വാങ്ങുന്ന കാര്യത്തിന് അടക്കം സഹകരണ സ്ഥാപനങ്ങള്‍ വായ്പ നല്‍കിയിരുന്നു. ഇതില്‍ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. സ്വര്‍ണ്ണത്തിന് പണം നല്‍കുന്ന പ്രശ്‌നം പരിഹരിക്കാന്‍ വ്യാപാര – വ്യവസായ സംഘടനകളുമായി ചര്‍ച്ച നടത്തും. ചേംബര്‍ ഓഫ് കൊമേഴ്‌സ്, വ്യാപാരി സംഘടനകള്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തുകയെന്നും മന്ത്രി അറിയിച്ചു.
നോട്ട് നിരോധനം മൂലം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വന്നുചേരുന്ന ആഘാതം വലുതാണ്. ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്നത് സങ്കുചിത രാഷ്ട്രീയ ആരോപണമാണ്. ഇത് ചെന്നുകൊള്ളുന്നത് കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കാണെന്നും എസി മൊയ്തീന്‍ പറഞ്ഞു.