യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ മതില്‍ നിര്‍മിക്കാനൊരുങ്ങി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന വാര്‍ത്ത ഇതിനോടകം ലോക ശ്രദ്ധ പിടിച്ചു പറ്റി. എന്നാല്‍ ഇതിന് ചുട്ട മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എസി. മൊയ്തീന്‍. തന്റെ ഫേസ് ബുക്ക് പേജിലൂടെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 2 ലക്ഷം വീടുകള്‍ നിര്‍മിച്ചതിന്റെ പൂര്‍ത്തീകരണ പ്രാഖ്യാപനം അറിയിച്ചു കൊണ്ടാണ് ഗുജറാത്ത് സംഭവത്തിനെ മന്ത്രി പരിഹസിച്ചത്.
‘വരുന്നവര്‍ കാണാതിരിക്കാന്‍ ഉയര്‍ത്തി കെട്ടിയ മതിലുകളില്ല… തല ചായ്ക്കാന്‍ കുറേ മനുഷ്യര്‍ക്ക് വേണ്ടി ഉയര്‍ത്തി കെട്ടിയ വീടുകളുണ്ട് കേരളത്തില്‍…’ എന്നതാണ് മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ തലക്കെട്ട്.
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള ചേരിപ്രദേശം മറയ്ക്കുന്നതിനായാണ് മതില്‍ നിര്‍മാണം. അരകിലോമീറ്റര്‍ നീളത്തില്‍ 6-7 അടി വരെ ഉയരത്തിലാണ് മതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.