ബെംഗളുരു: ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ രാജ്യത്തെ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി (ഐടി) ഔട്ട്സോഴ്സിംഗ് വ്യവസായ വളര്‍ച്ചയ്ക്ക് നേതൃത്വം വഹിച്ചിട്ടുള്ളത് പാരമ്പര്യമുള്ള കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ് (ടിസിഎസ്), കൊഗ്‌നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് കോര്‍പ്, ഇന്‍ഫോസിസ് ലിമിറ്റഡ്, വിപ്രോ ലിമിറ്റഡ് എന്നിവയാണ്. എന്നാല്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഈ നാല് കമ്പനികളെയും പിന്നിലാക്കി മാറ്റത്തിന് തയാറെടുക്കുകയാണ് ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന് ആക്സഞ്ച്വര്‍ പിഎല്‍സി.
വരുമാന വര്‍ധനവില്‍ ഈ സാമ്പത്തിക വര്‍ഷം 3.63 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമെന്നാണ് ആക്സഞ്ച്വര്‍ പ്രതീക്ഷിക്കുന്നത്. പ്രമുഖമായ നാല് കമ്പനികളുടെയും പുതിയ ബിസിനസുകളില്‍ നിന്നുള്ള വരുമാനം ഒന്നിച്ച് ചേര്‍ത്താലുള്ളതിന്റെ അല്‍പ്പം മാത്രം കുറവാണിത്. പരമ്പരാഗത ബിസിനസ് മോഡല്‍ നവീകരിക്കുന്നതില്‍ ഇന്ത്യയിലെ വന്‍കിട ഐടി കമ്പനികള്‍ നേരിടുന്ന മന്ദതയെ അടിവരയിടുന്ന ഒരു മുന്നേറ്റമാണിത്. സെപ്റ്റംബര്‍-ഓഗസ്റ്റ് സാമ്പത്തിക വര്‍ഷം പിന്തുടരുന്ന ആക്സഞ്ച്വര്‍ നവംബര്‍ പാദത്തിലെ ഡോളര്‍ വരുമാനത്തില്‍ 11.8 ശതമാനം വര്‍ധനവാണ് മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്.
കമ്പനിയുടെ ഇന്ത്യന്‍ എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ ഏതാനും പാദങ്ങളില്‍ ശക്തമായ പ്രകടനമാണ് ആക്സഞ്ച്വര്‍ കാഴ്ചവെച്ചത്. ക്ലൗഡ് കംപ്യൂട്ടിംഗ് അടക്കമുള്ള പുതിയ സാങ്കേതികവിദ്യകളില്‍ ആക്രമണോത്സുകമായ നിക്ഷേപമാണ് കമ്പനി നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം 37 കമ്പനികള്‍ വാങ്ങുന്നതിനായി 1.7 ബില്യണ്‍ ഡോളറാണ് ആക്സഞ്ച്വര്‍ ചെലവഴിച്ചത്. ടിസിഎസ്,വിപ്രോ, ഇന്‍ഫോസിസ് എന്നിവ 2014 മുതല്‍ വാങ്ങലുകള്‍ക്കായി ഒന്നിച്ച് ചിലവാക്കിയ തുക ഒന്നിച്ച് കണക്കാക്കിയാലുള്ളതിനേക്കാള്‍ അധികമാണിത്. നടപ്പുസാമ്പത്തിക വര്‍ഷം ഏറ്റെടുക്കലുകള്‍ക്കായി 1.4 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്നാണ് ആക്സഞ്ച്വര്‍ സൂചിപ്പിച്ചിട്ടുള്ളത്.