മലപ്പുറം: വാഴക്കാട് പോലീസ് സ്റ്റേഷന് പരിസരത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കള്‍. ഇന്നു രാവിലെയുണ്ടായ അപകടത്തില്‍ വാഴക്കാട് തിരുവാലൂര്‍ എടെത്താടി മുഹമ്മദാലിയുടെ മകന് ആസിഫ് (23) ആണ് മരണപെട്ടത്. സഹയാത്രികന് മുബഷിറിനെ (23)ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നെത്തിയ മുബഷിര്‍ ഇന്നോവ കാര്‍ ഡ്രൈവറായ ഖാദറുമായി രാവിലെ വഴക്കുണ്ടായെന്നും അതിന് ശേഷമാണ് അപകടം സംഭവിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.
ഖാദറിനെ തല്ലിയ കേസില്‍ മുബഷിര്‍ ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്. വര്‍ഷങ്ങളായി ഖാദറിന്റേയും മുബഷിറിന്റേയും വീട്ടുകാര്‍ തമ്മില്‍ കുടിപ്പകയുണ്ട്. മുബഷിറിനെ ആക്രമിച്ച സമയത്ത് തന്റെ മകന് കുടുങ്ങിയതാണെന്നും ആസിഫിന്റെ പിതാവ് മുഹമ്മദാലി പറഞ്ഞു. ഇന്നോവയിലുണ്ടായിരുന്നു എന്നു പറയുന്ന ഖാദറിന് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.