തിരുവല്ല: തിരുവല്ല എംസി റോഡില്‍ ആറാട്ട് കടവ് ജംഗ്ഷനില്‍ ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
ലോറി ക്ലീനറായ ചെങ്ങറ പട്ടിമറ്റം കട്ടക്കളത്തില്‍ എ.അജ്മല്‍(24) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ കല്ലിശ്ശേരി ചക്കാലയില്‍ മുരളീധരന്‍, കാര്‍ ഡ്രൈവര്‍ തിരുവല്ല പൈനുംമൂട്ടില്‍ വര്‍ഗീസ് മാത്യു (54) എന്നിവര്‍ക്ക് പരിക്കേറ്റു.
ചെങ്ങന്നൂരില്‍ നിന്നു വന്ന ലോറി മുന്നിലുണ്ടായിരുന്ന കാറില്‍ ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. ലോറിയുടെ അടിയില്‍ അകപ്പെട്ടാണ് ക്ലീനര്‍ മരിച്ചത്. ഈ സമയം പിന്നാലെ എത്തിയ ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ മറിഞ്ഞു കിടന്ന ലോറി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിയാതിരുന്നതിനെ തുടര്‍ന്ന് ക്രെയിന്‍ എത്തിച്ചാണ് വാഹനം ഉയര്‍ത്തിയത്. അജ്മലിനെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.