രാത്രി 1.30 ന് തോട്ടിലേക്ക് കാര്‍ മറിഞ്ഞു, 101 ലേക്കുള്ള വിളി അവര്‍ക്ക് രക്ഷയായി

കൊട്ടാരക്കര: ഏത് പാതിരാത്രിയിലും കർമ്മനിരതരാണ് തങ്ങളെന്ന് ഫയർ ഫോഴ്സ് ജീവനക്കാർ തെളിയിച്ചപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് അഞ്ചംഗ കുടുംബം.

യഥാർത്ഥത്തിൽ മരണത്തിന്റെ ‘മുഖത്ത് ചവിട്ടിയാണ് ‘ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് ഷമീറും ഭാര്യയും മൂന്നു മക്കളും ജീവിതത്തിലേക്ക് മടങ്ങി വന്നത്.

തിരുവനന്തപുരം ആർ.സി.സിയിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം അർദ്ധരാത്രി ഒന്നരയോടെ കലയപുരത്ത് വച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് ഇരുപതടിയിലധികം താഴ്ചയുള്ള തോട്ടിലേക്കാണ് കാർ മറഞ്ഞത്.

അടുത്തൊന്നും താമസക്കാർ ഇല്ലാത്തതിനാൽ ആരും അപകടമറിഞ്ഞില്ല. വാഹനം റോഡിൽ നിന്നും കാണാൻ കഴിയാത്തതിനാൽ മറ്റ് വാഹന യാത്രികരും അപകടം കണ്ടില്ല.

കാറിൽ കിടന്നു കൊണ്ട് തന്നെ 101 നമ്പരിലേക്ക് ഡയൽ ചെയ്ത മുഹമ്മദ് ഷമീറിന് പക്ഷേ കൃത്യമായി അപകടസ്ഥലം പറയാൻ കഴിഞ്ഞിരുന്നില്ല.

ഏനാത്ത് പാലം കടന്നതിനു ശേഷമാണെന്ന ധാരണ വച്ചാണ് ഫയർഫോഴ്സ് സംഘം വാഹനത്തിൽ കുതിച്ചത്.

ഫോൺ കട്ട് ചെയ്യാതെ ഈ സമയമത്രയും ഷമീർ ലൈനിൽ തുടരുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഫയർഫോഴ്സ് വാഹനത്തിന്റെ സൈറൺ കേൾക്കുന്നതായി ഷമീർ അറിയിച്ച ഉടനെ തന്നെ ചാർജ്ജ് കഴിഞ്ഞ് മൊബൈലും ഓഫായി.

ഇതോടെ കാറിൽ കൂട്ടക്കരച്ചിലായി. എല്ലാ പ്രതീക്ഷകളും നശിച്ച അവസ്ഥ.

ഇവിടെയാണ് ഫയർഫോഴ്സുകാർ സന്ദർഭോചിതമായി പ്രവർത്തിച്ചത്.

ഏറെ സാഹസപ്പെട്ടാണെങ്കിലും അവർ ഒടുവിൽ തോട്ടിൽ വീണ കാർ കണ്ടെത്തി.

വെളിച്ചമില്ലാത്ത പ്രതികൂല സാഹചര്യങ്ങളും മറികടന്ന് കയർ ഉപയോഗിച്ച് തോട്ടിലിറങ്ങിയ സംഘം എല്ലാവരെയും രക്ഷപ്പെടുത്തി. തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലീഡിങ് ഫയർമാൻ സജീവ്, ഫയർമാൻമാരായ ശങ്കരനാരായണൻ, അനിൽകുമാർ, രമേശ്, വി.അനിൽകുമാർ, ഹരിചന്ദ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Top