ആലപ്പുഴ: പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായവരെ രക്ഷിക്കുവാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി വാഹനാപകടത്തില്‍ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കല്‍ നടുവിലെ തയ്യില്‍ വീട്ടില്‍ റൊണാള്‍ഡിന്റെ മകന്‍ സെബാസ്റ്റ്യന്‍ (40) ആണ് അപകടത്തില്‍ മരിച്ചത്.
പുന്നപ്ര മാര്‍ക്കറ്റ് ജംഗ്ഷന് സമീപം സെബാസ്റ്റ്യന്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഓട്ടോറിക്ഷയിടിച്ചായിരുന്നു അപകടമുണ്ടായത്. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രളയകാലത്ത് പുഞ്ചിരി എന്ന വള്ളത്തിലാണ് സെബാസ്റ്റ്യന്‍ കൈനകരിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. മൂന്ന് ദിവസത്തോളം പുറംലോകം കാണാനാകാതെ കുടുങ്ങിക്കിടന്ന നൂറിലധികം കുടുംബങ്ങളെയാണ് സെബാസ്റ്റ്യനും സുഹൃത്തുക്കളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.