മോഡലുകളുടെ അപകടമരണം; ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായില്ല, തെരച്ചില്‍ അവസാനിപ്പിച്ചു

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാന്‍ നടത്തിയിയ തെരച്ചില്‍ അവസാനിപ്പിച്ചു. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. പ്രൊഫഷണല്‍ സ്‌കൂബ ഡൈവിംഗ് ടീമിനെ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. കായലില്‍ ചെളി നിറഞ്ഞ് കിടക്കുകയാണെന്ന് സ്‌കൂബ ഡൈവിംഗ് സംഘം അറിയിച്ചു. ഹോട്ടലുടമ റോയി വയലാട്ടിന്റെ നിര്‍ദേശപ്രകാരം ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞെന്ന ജീവനക്കാരുടെ മൊഴി പ്രകാരമായിരുന്നു തെരച്ചില്‍.

അപകടം നടക്കും മുമ്പ് ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക്കിന് വേണ്ടിയാണ് തെരച്ചില്‍ നടത്തിയത്. നേരത്തെ ഹാര്‍ഡ് ഡിസ്‌ക്കിനായി ഹോട്ടലുടമ റോയിയുടെ വീടിന് സമീപത്തെ കണ്ണങ്കാട്ട് പാലത്തിനടുത്ത് തെരച്ചില്‍ നടത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഹാര്‍ഡ് ഡിസ്‌ക്ക് ഇവിടെ ഉപേക്ഷിച്ചെന്ന സൂചനയെ തുടര്‍ന്നായിരുന്നു തെരച്ചില്‍. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന രണ്ട് ഡിവിആറുകളില്‍ ഒന്ന് റോയി ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു.

അതേസമയം നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണമാണ് പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. കാണാതായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ ആവശ്യം.

Top