മോഡലുകളുടെ അപകട മരണം; ദുരൂഹത നീക്കണം, പരാതിയുമായി അന്‍സി കബീറിന്റെ കുടുംബം

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ എന്നിവരടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെക്കുറിച്ചുള്ള ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. അപകടം നടക്കും മുന്‍പ് അന്‍സി കബീറും സംഘവും ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ 18 ഉടമ റോയി വയലാട്ടിനെ തുടര്‍ച്ചയായി രണ്ടാം ദിവസവും പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മകളുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം മുന്നോട്ട് വന്നിരിക്കുന്നത്.

അന്‍സിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഹോട്ടല്‍ 18 ഉടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ റോയിയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടര്‍ന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്. അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാന്‍ വിപുലമായ അന്വേഷണം ആവശ്യമാണെന്ന് അന്‍സി കബീറിന്റെ ബന്ധു നിസാം പറഞ്ഞു. അന്‍സിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് ഒരു കേസ് കൂടിയെടുക്കാന്‍ സാധ്യതയാണ്.

Top