ഇസ്ലാമിക നിയമം അനുസരിച്ച് മുത്തലാഖ് വിവാഹമോചന മാര്‍ഗമായി കണക്കാക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ മുന്‍ ചീഫ് ജസ്റ്റിസ് ജാവദ് എസ്. ഖവാജ.
മുത്തലാഖ് എന്ന വിവാഹമോചന രീതി ഒരിക്കലും ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇസ്ലാമിക നിയമം അനുസരിച്ച് അസാധുവാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്തലാഖിനെ എവിടെയും സ്വീകരിച്ചിട്ടില്ലെന്ന് ഇസ്ലാമിക ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. പാക്കിസ്ഥാനിലെ നിയമം അനുസരിച്ച് (1961ലെ ഫാമിലി ലോ ഓര്‍ഡിനന്‍സ് സെക്ഷന്‍ ഏഴ്) ഭര്‍ത്താവ് തലാഖ് എന്ന് അറിയിച്ചാല്‍ (വാമൊഴിയായോ മറ്റു മാര്‍ഗങ്ങള്‍ വഴിയോ) ഭാര്യയുടെ വിലാസം സഹിതം യൂണിയന്‍ കൗണ്‍സിലിന് തപാലില്‍ നോട്ടിസ് അയയ്ക്കണം.
ഈ നോട്ടിസിന്റെ പകര്‍പ്പ് ഭാര്യയ്ക്കു യുസി റജിസ്റ്റേര്‍ഡ് തപാലില്‍ അയയ്ക്കും. മാത്രമല്ല, നോട്ടിസ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ആര്‍ബിട്രേഷന്‍ കൗണ്‍സിലിനെ യുസി തന്നെ രൂപീകരിക്കും.
ഇദ്ദാത്ത് കാലം (യുസി നോട്ടിസ് സ്വീകരിച്ച് 90 ദിവസങ്ങള്‍) കഴിയുമ്പോള്‍, തലാഖ് അനുവദിച്ചതായി കാട്ടി യുസി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ 90 ദിവസം എന്നത് ഇരുകൂട്ടര്‍ക്കും സമവായത്തിലെത്താനോ അന്തിമ തീരുമാനത്തിലെത്താനോ ഉള്ള സമയമാണ്.
തല്‍ക്ഷണം വിവാഹമോചനം നല്‍കുന്നതിന് ഇസ്ലാമിക പണ്ഡിതന്‍മാര്‍ അനുമതി നല്‍കാറില്ലെന്നും ജസ്റ്റിസ് ജാവദ് വ്യക്തമാക്കി.
മുത്തലാഖ് വിഷയത്തില്‍ ഇന്ത്യന്‍ സുപ്രീം കോടതിയുടെ അന്തിമ വിധി അടുത്ത മാസമാണു വരുന്നത്.