കെ ഫോൺ പദ്ധതി ഫലവത്താകാത്തതിനു പിന്നിൽ സർക്കാർ അലഭാവമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കെ ഫോൺ പദ്ധതി ഇഴയുന്നതിന് പിന്നിൽ സര്‍ക്കാരിന്റെ അലംഭാവം. സേവനദാതാവിനെ കണ്ടെത്തി മാസങ്ങൾക്ക് ശേഷവും ടെണ്ടറിൽ ക്വാട്ട് ചെയ്ത തുക അനുവദിക്കാൻ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാനദണ്ഡമനുസരിച്ച് കാലാവധി പൂര്‍ത്തിയാകുന്നതിനാൽ അനുവദിച്ച ടെണ്ടര്‍ ഒരാഴ്‍ച്ചയ്ക്കകം അസാധുവാകുമെന്ന് കാണിച്ച് കേരളാ വിഷന് നോട്ടീസും കിട്ടിയിട്ടുണ്ട്. അദ്യഘട്ടത്തിൽ പതിനാലായിരം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ അനുവദിക്കാൻ സാങ്കേതിക സംവിധാനങ്ങൾ എല്ലാം സജ്ജമെന്ന് പറയുമ്പോഴാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച.

20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് എത്തിക്കുന്നതിനും നഗര ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ ഡാറ്റാ കണക്റ്റിവിറ്റിയുമാണ് കെ ഫോൺ പദ്ധതി ലക്ഷ്യമിട്ടത്. 83 ശതമാനം പണി പൂര്‍ത്തിയായെന്നും 24357 സര്‍ക്കാര്‍ ഓഫീസുകളിൽ കണക്റ്റിവിറ്റിയായെന്നും സര്‍ക്കാര്‍ കണക്ക്. ഒരു നിയമസഭാ മണ്ഡലത്തിൽ നിന്ന് 100 കുടംബങ്ങൾക്ക് ഡാറ്റാ കണക്ഷനെത്തിക്കാൻ സേവന ദാതാവിനെ കെ ഫോൺ കണ്ടെത്തിയത് ഇക്കഴിഞ്ഞ മെയ് പകുതിക്കാണ്.

കേരള വിഷൻ നൽകിയ ഏറ്റവും കുറഞ്ഞ ടെണ്ടറനുസരിച്ച് ഒരു വീട്ടിൽ ഇന്റർനെറ്റ് നൽകാൻ ഒരുമാസം ചെലവ് 124 രൂപയാണ്. വര്‍ഷം 2.80 കോടി വേണം, സര്‍ക്കാര്‍ ഈ തുക അനുവദിച്ചിട്ടില്ലെന്ന് മാത്രമല്ല നാളിത്രയായിട്ടും തുടര്‍നടപടി എന്തെന്ന് കേരളാവിഷനെ അറിയിക്കാൻ പോലും തയ്യാറായിട്ടുമില്ല. ഇതിനിടെയാണ് സെപ്തംബര്‍ 22 ന് ടെണ്ടര്‍ അസാധുവാകുമെന്ന അറിയിപ്പ്. കരാറനുസരിച്ചുള്ള ജോലി ഏൽപ്പിക്കാത്തതാണ് പ്രശ്മമെന്നും അതില്ലാതെ ടെണ്ടര്‍ അസാധുവാക്കുന്നതിന് കാരണം അറിയണമെന്നും ആവശ്യപ്പെട്ട് കേരളാ വിഷൻ കെ ഫോണിന് കത്തും നൽകിയിട്ടുണ്ട്.

Top