സംസ്ഥാനത്ത്‌ 2021ല്‍ തീരേണ്ട 354 പദ്ധതികള്‍ പാതിവഴിയിലെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഓരോ വര്‍ഷവും വികസന പദ്ധതികള്‍ നടത്തുവാനാണ് കടമെടുത്തതെന്ന സര്‍ക്കാര്‍ വാദം പൊളിച്ച് സിഎജി റിപ്പോര്‍ട്ട്.

നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ ആദ്യ അഞ്ച് വര്‍ഷത്തില്‍ കടമെടുത്ത തുകയുടെ പകുതി പോലും വികസന പദ്ധതികള്‍ക്കായി ചെലവിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. നിയമസഭയില്‍ സിഎജി സമര്‍പ്പിച്ച 2020-21 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഗുരുതര പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

2021 മാര്‍ച്ച് 31നു മുന്‍പ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ട 354 പദ്ധതികള്‍ ഇപ്പോഴും വഴിമുട്ടി കിടക്കുകയാണ്. ഇതില്‍ ഉള്‍പ്പെടുന്ന 74 പദ്ധതികള്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തിനായി ആകെ 160 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. എന്നാല്‍ ഇതില്‍ 61 കോടി രൂപ മാത്രമാണ് പരിസ്ഥിതിക്കായി ചെലവിട്ടത്. തിരിച്ചടയ്ക്കാനുള്ള കടം സംസ്ഥാന മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 29.67 ശതമാനത്തില്‍ താഴെയായിരിക്കണം. എന്നാല്‍, ഇത് 39.87% ആണ്. മുന്‍ വര്‍ഷത്തെക്കാള്‍ 2,662 കോടി കുറവാണ് 202021ലെ തനതു നികുതി വരുമാനം.

ശമ്പളം, പെന്‍ഷന്‍, സബ്‌സിഡി, കടമെടുത്ത തുകയുടെ പലിശ എന്നിവ കൊടുക്കാന്‍ ആകെ റവന്യു ചെലവുകളുടെ 60.94 % ആണ് സര്‍ക്കാര്‍ ചെലവിട്ടത്. ഇതു റവന്യു വരുമാനത്തിന്റെ 77.16 ശതമാനമാണ്. ബജറ്റിലൂടെയുള്ള 3.08 ലക്ഷം കോടിയുടെ ബാധ്യതയ്ക്കു പുറമേ കിഫ്ബി വഴി 669 കോടിയും കേരള സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഫണ്ട് വഴി 8,604 കോടിയും കടമെടുത്തു. ഈ ബാധ്യതകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സിഎജി ചൂണ്ടിക്കാട്ടി.

ഗുരുതര സാമ്പത്തിക പ്രതിസന്ധിയി ഒഴിവാക്കാന്‍ സര്‍ക്കാര്‍ കടമെടുപ്പു നിയന്ത്രിക്കുകയും വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇതിനു വേണ്ടിയാണ് ധന ഉത്തരവാദിത്ത നിയമം പാസാക്കിയത്. ഇതനുസരിച്ച് 2021ല്‍ റവന്യു കമ്മി പൂജ്യത്തില്‍ എത്തിക്കേണ്ടതാണ്. എന്നാല്‍, റവന്യു കമ്മി 3.40% ആണ് (25,829 കോടി). ധനക്കമ്മി 3 ശതമാനത്തില്‍ കൂടരുതെന്നാണ് നിബന്ധനയെങ്കിലും ഇത് 5.40% ആയി.

സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ 10,000 കോടിയിലേറെ കടമെടുത്തിട്ട് 4,400 കോടി മാത്രമാണ് ചെലവിട്ടിട്ടുളളുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് കിഫ്ബി മറുപടി നല്‍കിയിട്ടുണ്ട്. 10,235 കോടി രൂപ ആകെ കടമെടുത്തതായും ഇതില്‍ 4,429 കോടിയുടെ പദ്ധതികള്‍ ഇതുവരെ പൂര്‍ത്തിയാക്കി. എന്നാല്‍ വിവിധ ഘട്ടങ്ങളിലുളള പദ്ധതികള്‍ക്കായി ആകെ 17,492.6 കോടി രൂപ ചെലവിട്ടു കഴിഞ്ഞുവെന്നുമാണ് കിഫ്ബി വ്യക്തമാക്കിയത്.

Top