കുസാറ്റ് ദുരന്തം; അപകടത്തിന് കാരണം അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്

കൊച്ചി: കുസാറ്റ് അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്. സംഗീതനിശയ്ക്ക് ആസൂത്രണമോ മുന്നൊരുക്കുമോ ഉണ്ടായില്ലെന്നും ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. എത്രപേര്‍ എത്തുമെന്നു പോലും സംഘാടകര്‍ക്കറിയില്ലായിരുന്നു. കുസാറ്റില്‍ നിന്നുപോലും നാലായിരം പേര്‍ പങ്കെടുത്തു.

ഓഡിറ്റോറിയം നിര്‍മാണത്തിലെ പോരായ്മകളും ദുരന്തത്തിലേക്ക് നയിച്ചു എന്ന് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൃക്കാക്കര അസി. കമ്മീഷണര്‍റാണ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നല്‍കിയ ഹര്‍ജിയിലാണ്, പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹര്‍ജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും.

കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ ഭാഗമായി കാമ്പസിനകത്ത് ആംഫി തീയ്യേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപടകത്തില്‍ പെട്ടത്. വിദ്യാര്‍ത്ഥികള്‍ കയറി നിറഞ്ഞ ആംഫീ തീയ്യേറ്ററിലേക്ക് റോഡരുകില്‍ നിന്നവര്‍ മഴവന്നപ്പോള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടകാരണം, തീയ്യേറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണ് ഉള്ളത്. ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടില്‍ നിന്നവര്‍ തിക്കിലും തിരക്കിലും താഴോട്ട് വീഴുകയായിരുന്നു, അവരുടെ മുകളിലേക്ക് കൂടുതല്‍ ആളുകകള്‍ വീണു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് നാല് പേര്‍ മരിച്ചത്. രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ് , താമരശ്ശേരി സ്വദേശിനി സാറ തോമസ്, കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Top