ഇന്ത്യയില്‍ ഗോരക്ഷയുടെ പേരിലുള്ള അക്രമം വര്‍ധിച്ചതായി യുഎസ് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: 2016 ല്‍ ഇന്ത്യയില്‍ ഗോരക്ഷാ സംഘങ്ങളുടെ അക്രമം വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ട് യുഎസ് പുറത്തു വിട്ടു.

നടന്ന അക്രമ സംഭവങ്ങള്‍ പ്രധാനമായിട്ടും മുസ്ലീങ്ങള്‍ക്കെതിരായിരുന്നെന്നും ഇത്തരത്തില്‍ അക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടെന്നും അന്താരാഷ്ട്ര മത-സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മത-സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ ആദ്യ റിപ്പോര്‍ട്ട് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണാണ് പുറത്തുവിട്ടത്. ബിജെപി സര്‍ക്കാരിന് കീഴില്‍ ഇത്തരത്തില്‍ സംഘടനകളുടെ അക്രമങ്ങളില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ ആശങ്കയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോരക്ഷകരുടെ ആക്രമണങ്ങളില്‍ കൂടുതലായും ഇരകളാകുന്നത് മുസ്ലിംങ്ങളാണെന്നും, മുസ്ലിംങ്ങളോടൊപ്പം ക്രിസ്ത്യാനികള്‍ക്ക് നേരെയും ഭയപ്പെടുത്തലും ഭീഷണിപ്പെടുത്തലും വന്‍തോതില്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

മത പ്രചോദിത കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, കലാപം, വിവേചനം, നശീകരണ പ്രവര്‍ത്തനങ്ങള്‍, വ്യക്തികളുടെ മതവിശ്വാസങ്ങളിലുള്ള കൈക്കടത്തല്‍ എന്നിവ വര്‍ധിച്ചുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2016ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

Top