പൂജ ചെയ്ത് അസുഖം മാറ്റുമെന്ന് വാഗ്ദാനം ചെയ്ത് 82 ലക്ഷം തട്ടിയ പ്രതി പിടിയില്‍

കൊച്ചി: പൂജ ചെയ്തു അസുഖം മാറ്റി കൊടുക്കാമെന്നു പറഞ്ഞു പരിചയപ്പെട്ട ശേഷം പ്രായമായ സ്ത്രീയെയും മകളേയും ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപ തട്ടിയെടുത്തയ പ്രതിയെ പിടികൂടി. കാഞ്ഞങ്ങാട് സ്വദേശി അലക്‌സിനെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം സ്വദേശികളായ അമ്മയേയും മകളേയുമാണ് ഇയാള്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. പരാതിക്കാരിയും മകളും പാലാരിവട്ടം വൈഎംസിഎയില്‍ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്ന സമയത്ത് ഇവരുടെ ഹൃദയ സംബന്ധമായ അസുഖം മാറ്റാന്‍ പൂജ ചെയ്യുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി 9 ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് പല തവണകളായി ഇയാള്‍ 16 ലക്ഷം രൂപ കൈവശപ്പെടുത്തി.

അതിനു ശേഷം ഇവരുടെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് 45 ലക്ഷത്തോളം രൂപ പിന്‍വലിക്കുകയും വിവിധ സാധനങ്ങള്‍ വാങ്ങുകയും ചെയ്തു. പണത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതോടെയാണ് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടത്. തട്ടിയെടുത്ത പണം കൊണ്ട് അലക്‌സ് പാനായികുളത്ത് ഒരു ആഡംബര വില്ലയും ഒരു ലക്ഷത്തിന് അടുത്ത വിലയുള്ള മൊബൈല്‍ ഫോണുകളും ആഡംബര ബൈക്കും മറ്റും വാങ്ങിയതായി പൊലീസ് കണ്ടെത്തി.

Top