തൃശൂര്‍ : ബാറിലെ സംഘര്‍ഷത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. നാട്ടിക മൂത്തകുന്നം ബീച്ച് കയനപ്പറമ്പില്‍ വ്യാസന്‍ (43) ആണ് അറസ്റ്റിലായത്. തളിക്കുളം തമ്പാന്‍കടവ് പാപ്പാച്ചന്‍ ശിവാനന്ദന്‍ (50) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
തൃപ്രയാറിലെ ബാറിന്റെ പാര്‍ക്കിങ് ഏരിയായില്‍ കഴിഞ്ഞ അഞ്ചിന് ഇരുവരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ 11ന് രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ശിവാനന്ദന്‍ മരിച്ചത്. വ്യാസന്‍ ശിവാനന്ദന് കടം കൊടുത്ത 5000 രൂപയില്‍ ബാക്കിയുണ്ടായിരുന്ന 2500 രൂപ തിരിച്ച് കൊടുക്കാത്തതിന്റെ പേരിലായിരുന്നു സംഘര്‍ഷം. ബാറില്‍ വച്ച് ശിവാനന്ദനെ കണ്ടുമുട്ടിയ വ്യാസന്‍ പണം ചോദിച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും കൈ കൊണ്ടും കുട ഉപയോഗിച്ചും ശിവാനന്ദന്റെ മുഖത്തും തലയിലും ഇടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ വ്യാസന്‍ കര്‍ണാടകയില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മംഗലാപുരത്തുനിന്നും ട്രെയിനില്‍ തിരികെ വരുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വടകരയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായ വ്യാസന്‍ മത്സ്യത്തൊഴിലാളിയാണ്. കൊല്ലപ്പെട്ട ശിവാനന്ദന്‍ കാറ്ററിങ് ജോലി ചെയ്തുവരികയായിരുന്നു.
കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലിഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ വലപ്പാട് എസ്എച്ച്ഒ സുശാന്ത്, വാടാനപ്പള്ളി എസ്എച്ച്ഒ സാബുജി, എസ്.ഐമാരായ സാലിം, പി.സി സുനില്‍, സി.ആര്‍ പ്രദീപ്, ജി.എസ്.സി.പിഒമാരായ ലിജു ഇയ്യാനി, ബിജു, അനൂപ്, അനീഷ്, സി.പിഒമാരായ മാനുവല്‍, നിഷാന്ത്, സുനില്‍, മുജീബ് എന്നിവര്‍ ചേര്‍ന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.