പൊലീസ് ജീപ്പിനു നേരെ ബോംബെറിഞ്ഞ് പ്രതിയെ രക്ഷപെടുത്തി

തിരുവനന്തപുരം: അക്രമിസംഘം പൊലീസ് ജീപ്പ് ആക്രമിച്ച് പ്രതികളെ രക്ഷപ്പെടുത്തി. വണ്ടിത്തടം ശാന്തിപുരം ജംഗ്ഷനു സമീപം പാപ്പാന്‍ ചാണി റോഡിലാണ് സംഭവം. നഗരത്തില്‍ തുണിക്കടകളില്‍ അടുത്തിടെ നടന്ന മോഷണം, കഞ്ചാവ് കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട് ശ്രുതി എന്ന പ്രതിയെ കഴിഞ്ഞ ദിവസം ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

അന്വേഷണത്തില്‍ കൂട്ടുപ്രതിയായ ശാന്തിപുരം നന്ദു, വണ്ടിത്തടം പാപ്പാന്‍ചാണിയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെയും കൂട്ടി പൊലീസ് പാപ്പാന്‍ചാണിയിലെ ശാന്തിപുരത്ത് എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. പ്രതി താമസിക്കുന്ന വീടിന്റെ 50 മീറ്റര്‍ എത്തിയപ്പോഴേക്കും പൊലീസിന് നേര്‍ക്ക് ഒരു കൂട്ടം അക്രമികള്‍ ആദ്യം കല്ലെറിഞ്ഞു.

തുടര്‍ന്ന് ജീപ്പിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് പൊലീസുകള്‍ ഓടി മാറുന്നതിനിടെ പൊലീസ് കൊണ്ടുവന്ന പ്രതി രക്ഷപ്പെടുകയായിരുന്നു. 20 ഓളം വരുന്ന അക്രമികള്‍ പൊലീസ് ജീപ്പ് നശിപ്പിച്ചു. സമീപ വീടുകളില്‍ അഭയം തേടിയ തിരുവല്ലം എസ്.ഐ നിധിന്‍ മറ്റു സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെയും പിന്നീട് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി തിരുവല്ലം പൊലീസ് പറഞ്ഞു.

Top