ജയിലിനുള്ളില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍, റിപ്പോര്‍ട്ട് തേടി ഉദ്യോഗസ്ഥര്‍

പാട്‌ന: ജയിലിനുള്ളില്‍ പിറന്നാള്‍ ആഘോഷമാക്കി ഇരട്ടക്കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയ്ക്ക വിധിക്കപ്പെട്ട പ്രതി. ബിഹാറിലെ സീതാമര്‍ഹി ജയിലിലാണ് പ്രതി പിന്റു തിവാരി കേക്ക് മുറിച്ചും മട്ടണ്‍ കറി വെച്ചും പിറന്നാള്‍ ആഘോഷമാക്കിയത്.

2015-ല്‍ ദര്‍ബാങ്കയിലെ രണ്ട് എഞ്ചിനീയര്‍മാരെ കൊലപ്പെടുത്തിയ കേസിലാണ് പിന്റു തിവാരിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ജയിലിനുള്ളില്‍ വച്ച് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച പ്രതിക്ക് സഹതടവുകാര്‍ സമ്മാനങ്ങളും നല്‍കി. ജയിലിനുള്ളിലേക്ക് കാറ്ററിങ് സര്‍വ്വീസുകാരെ വിളിച്ചു വരുത്തിയാണ് കേക്കും ഭക്ഷണവും സംഘടിപ്പിച്ചത്.

ജയിലിനുള്ളിലെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആഘോഷത്തിന്റെ വീഡിയോ സഹതടവുകാര്‍ തന്നെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ ജയിലിനുള്ളിലെ സുരക്ഷയെയും അച്ചടക്കപാലനത്തെയും വിമര്‍ശിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. ഇതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഐജി മിതിലേഷ് മിശ്ര ആവശ്യപ്പെട്ടതയാണ് റിപ്പോര്‍ട്ട്.

Top