ചണ്ഡിഗഡ്: മതനിന്ദ കേസിലെ പ്രതി ജയിലില്‍ വച്ച് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചാബില്‍ സംഘര്‍ഷം. സിക്ക് വിശ്വാസികളുടെ മതഗ്രന്ഥത്തെ അവഹേളിച്ച കേസില്‍ പ്രതിയായിരുന്ന മൊഹിന്ദര്‍ പാല്‍ ബിട്ടു (49) എന്നയാളാണ് ജയിലില്‍ കൊല്ലപ്പെട്ടത്. പാട്യാലയിലെ ന്യൂ നാഭ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന മൊഹിന്ദറിനെ ശനിയാഴ്ച വൈകുന്നേരം സഹതടവുകാരായ ഗുര്‍സേവക് സിംഗ്, മനീന്ദര്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
ജയില്‍ സെല്ലിലെ ജനാലയുടെ കമ്പി ഊരിയെടുത്ത് അടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ ബിട്ടുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. എല്ലാവരും സംയമനം പാലിക്കണമെന്നും അഭ്യൂഹങ്ങളില്‍ വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പത്ത് കമ്പനി ബിഎസ്എഫിനെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും വിളിച്ചുവരുത്തി.
ദേര സച്ചാ സൗദ പ്രവര്‍ത്തകനാണ് ബിട്ടു. 2015 ല്‍ ബര്‍ഗാരി ജില്ലയിലെ ഫരിദ്‌കോട്ടില്‍ സിക്ക് മതഗ്രന്ഥത്തെ അവഹേളിച്ച കേസിലാണ് ബിട്ടു ജയില്‍ ശിക്ഷ അനുഭവിച്ചുവന്നത്. സംഭവം സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ മോഗ ജില്ലയില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഫരിദ്‌കോട്ടിലെ കോത്കപുരയിലും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവയ്പുണ്ടായിരുന്നു.