ഓണസമ്മാനമായി പതിനായിരം രൂപ നല്‍കിയ ആരോപണം; വിജിലന്‍സ് അന്വേഷണം തുടങ്ങി

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ചെയര്‍പേഴ്‌സണ്‍ ഓണസമ്മാനമായി പതിനായിരം രൂപ നല്‍കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. വിജിലന്‍സ് കൊച്ചി യൂണിറ്റാണ് പ്രതിപക്ഷ പരാതിയില്‍ അന്വേഷണം നടത്തുന്നത്. ഓണക്കോടിക്കൊപ്പം നല്‍കിയ കവറില്‍ നല്‍കിയ പണം അഴിമതിപ്പണമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയിരുന്നു.

43 അംഗങ്ങളുള്ള തൃക്കാക്കര നഗരസഭയില്‍ നാലു സ്വതന്ത്രരുടെ പിന്തുണയിലാണ് യുഡിഎഫ് കൗണ്‍സിലര്‍ അജിത തങ്കപ്പന്‍ ചെയര്‍പേഴ്‌സണായി അധികാരത്തിലെത്തിയത്. ഓണത്തിന് നല്‍കിയ സമ്മാനപ്പൊതിയാണ് ഇവിടെ വിവാദത്തിനു തിരിതെളിച്ചത്. കൗണ്‍സില്‍ അംഗങ്ങള്‍ കവറുകള്‍ തിരിച്ചു നല്‍കി അതു പണമാണെന്നും അഴിമതിപ്പണത്തില്‍ ഒരു വീതം നല്‍കിയതാണെന്നും ആക്ഷേപം ഉയര്‍ത്തുകയായിരുന്നു. പണം നല്‍കുന്നതിന്റെ വിഡിയോയും പുറത്തു വന്നിരുന്നു.

Top