കൊല്ലം: പൂയപ്പള്ളിയില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയത് സാമ്പത്തിക പ്രതിസന്ധി കാരണമെന്ന് പ്രതി പത്മകുമാറിന്റെ മൊഴി. സമീപവാസികള്‍ അനധികൃതമായി വന്‍തോതില്‍ പണം സമ്പാദിക്കുന്നെണ്ടെന്ന തോന്നലും പ്രതികളെ കൃത്യത്തിലേക്ക് നയിച്ചുവെന്നാണ് നിഗമനം. പത്മകുമാറിനും കുടുംബത്തിനും കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടോ എന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘം.
ഒരുമാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് പൂയപ്പള്ളിയില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും പ്രതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടെന്ന് പറയുമ്പോഴും ബാധ്യതയേക്കാള്‍ കൂടുതല്‍ രൂപയുടെ ആസ്തി പത്മകുമാറിനുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പത്മകുമാറിന്റെ ആസ്തിയും ബാധ്യതയും പൊലീസ് പരിശോധിച്ച് വരികയാണ്.
കൊവിഡിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ബിസിനസുകള്‍ തകര്‍ന്നു. തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് പത്മകുമാറും ഭാര്യയും എങ്ങനെയും പണം കണ്ടെത്തണമെന്ന് തീരുമാനിച്ചത്. അപ്പോഴൊക്കെ പത്മകുമാറിന്റെ അമ്മ ഈ നീക്കത്തെ എതിര്‍ത്തു. മകള്‍ അനുപമയുടെ യൂട്യൂബ് ചാനലില്‍ നിന്ന് വലിയതോതില്‍ വരുമാനം ലഭിക്കുക കൂടി ചെയ്തതോടെ പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ കുടുംബം ഉപേക്ഷിച്ചു. പകര്‍പ്പവകാശത്തിന്റെ പ്രശ്‌നം കാരണം അനുപമയുടെ യൂട്യൂബ് വരുമാനം നിലയ്ക്കുകയും നിരന്തരം എതിര്‍ത്തിരുന്ന അമ്മ മരിക്കുകയും ചെയ്തതോടെ കുട്ടിയെ തട്ടിയെടുത്ത് പണം സമ്പാദിക്കാന്‍ തീരുമാനിച്ചു എന്നാണ് പ്രതികളുടെ മൊഴി.