കൊച്ചി: സിസ്റ്റര്‍ അഭയാ കൊലക്കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ബുധനാഴ്ച വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിടുതല്‍ ഹര്‍ജി തള്ളിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് തിരുവനന്തപുരം സിബിഐ കോടതി ഒഴിവാക്കിയിരുന്നു. എന്നാല്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.
ജോസ് പുതൃക്കയിലിനെതിരായി തെളിവുകള്‍ ഹാജരാക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. മറ്റ് പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ കോടതി അംഗീകരിക്കുകയും ചെയ്തു. കൊലപാതകം തെളിവ് നശിപ്പിക്കല്‍, അപകീര്‍ത്തി എന്നീ കുറ്റങ്ങളാണ് മറ്റ് രണ്ട് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയത്.