യുപിയില്‍ ട്രെയിനില്‍ വെച്ച് വനിതാ പൊലീസിനെ ആക്രമിച്ച പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ കൊലപാതകം. ട്രെയിനില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ഇയാളുടെ രണ്ട് സഹായികള്‍ക്ക് പരിക്കേറ്റതായി പൊലീസ്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. അയോധ്യയ്ക്ക് സമീപം സരയൂ എക്‌സ്പ്രസില്‍ വെച്ച് വനിതാ കോണ്‍സ്റ്റബിളിനെ ചിലര്‍ ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. ഇവര്‍ ഇപ്പോള്‍ ലഖ്‌നൗ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ കേസിലെ മുഖ്യപ്രതി അനീസ് ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്. പ്രതിയുടെ ഒളിത്താവളം കണ്ടെത്തിയ അയോധ്യ പൊലീസും പ്രത്യേക ദൗത്യസേനയും പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അയോധ്യ സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജ് കരണ്‍ നയ്യാര്‍ പറഞ്ഞു.

പൊലീസ് തിരിച്ചടിച്ചതോടെ മൂന്നുപേര്‍ക്ക് വെടിയേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അനീസ് ഖാന്‍ മരിച്ചു. പരുക്കേറ്റ ആസാദ്, വിഷംഭര്‍ ദയാല്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അയോധ്യ പൊലീസ്. ഓപ്പറേഷനില്‍ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.

Top