ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

പത്തനംതിട്ട: ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ അടൂര്‍ പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം കണയന്നൂര്‍ വടക്കേകോട്ടയില്‍ കൊച്ചേരില്‍ വീട്ടില്‍ സുജിത് (37) ആണ് അറസ്റ്റിലായത്. ഒക്ടോബര്‍ 21 ന് രാവിലെ 8.30 നാണ് സംഭവം. അടൂരിനടുത്തുള്ള പറക്കോട് പന്നിവിഴ റോഡിലെ ടി.ബി ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ മാലയാണ് പ്രതി പിടിച്ചുപറിച്ചത്.

62000 രൂപയുടെ മൂല്യംവരുന്ന മാലയാണിത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജയില്‍ മോചിതരായവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ സൂചന ലഭിച്ചത്. കളമശേരി, കുന്നത്തുനാട്, കുറുപ്പംപടി, കിളിമാനൂര്‍,പത്തനംതിട്ട, ചങ്ങനാശേരി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി വാഹന മോഷണ കേസുകളിലും, സ്ത്രീ പീഡന കേസുകളിലുമടക്കം പത്ത് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

2021 ഫെബ്രുവരി മാസം പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമോഷണ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം നാലുമാസം മുന്‍പാണ് ഇയാള്‍ പുറത്തിറങ്ങിയത്. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതുമായി ബന്ധപ്പെട്ട് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും.

 

Top