ലോക്ക്ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റിലായ പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ ടിക് ടോക്ക് ചെയ്തു

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ പൊലീസ് സ്റ്റേഷനുള്ളില്‍ വച്ച് ടിക് ടോക് വീഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍. സല്‍മാന്‍ പത്താന്‍, ആരിഫ് ഷെയ്ക്ക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 5 നാണ് ഈ ടിക് ടോക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ചതിന് ഇരുവരെയും ഏപ്രിലില്‍ അറസ്റ്റ് ചെയ്ത് സയാജിഗുഞ്ച് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഈ അവസരത്തില്‍ ആയിരുന്നു കേസിന് ആധാരമായ വീഡിയോ പ്രതികള്‍ ചിത്രീകരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊലീസ് സ്റ്റേഷനുള്ളില്‍ അനധികൃതമായി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Top