കംപ്യൂട്ടറില്‍ ഒതുങ്ങുന്നില്ല എയ്‌സറിന്റെ ലോകം; ഇലക്ട്രിക് സ്‌കൂട്ടറുമായി കമ്പനി

പുതിയ ഉല്‍പന്നം പുറത്തിറക്കി എയ്സര്‍. കംപ്യൂട്ടറുമായി ബന്ധപ്പെട്ട ഒന്നുമല്ല, കെട്ടിലും മട്ടിലും പുതുമകളുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ്. എം യു വി ഐ 125 4ജി ആണ് എയ്സറിന്റെ ആദ്യ വൈദ്യുതി സ്‌കൂട്ടര്‍. വില 99,999 രൂപ. മുംബൈ ആസ്ഥാനമായുള്ള ഇ.വി സ്റ്റാര്‍ട്ടപ് തിങ്ക് എബികെബോയാണ് മുവി 125 4ജി വികസിപ്പിച്ചെടുത്തത്. വലിയ അലോയ് വീലുകളും ആധുനിക സൗകര്യങ്ങളും മെലിഞ്ഞ രൂപവുമാണ് മുവി 125 4ജിക്കുള്ളത്. മുന്നിലെ എല്‍ഇഡി ലാംപ് വൃത്താകൃതിയിലുള്ളതാണ്.

ടെലസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്, പിന്നില്‍ സിംഗിള്‍ ഓഫ് സെറ്റ് മോണോ ഷോക്ക്, രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുമായാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വരവ്. മാറ്റിവയ്ക്കാവുന്ന ബാറ്ററിയാണ് മുവിയിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി എയ്സര്‍ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡികള്‍ക്കു അര്‍ഹത നേടുന്നതോടെ വലിയ വിഭാഗം ഉപഭോക്താക്കളെ നേടാനാകുമെന്നാണ് എയ്സറിന്റെ പ്രതീക്ഷ.

ഉപഭോക്താക്കളുടെ ഇഷ്ടത്തിന് രൂപമാറ്റം വരുത്താനുള്ള സൗകര്യവും മുവിയിലുണ്ട്. ഭാരംകുറഞ്ഞ ചേസിസും 16 ഇഞ്ച് അലോയ് വീലും യാത്രാ സുഖം വര്‍ധിപ്പിക്കുന്നു. റേഞ്ച് 80 കിലോമീറ്റര്‍. പരമാവധി വേഗം മണിക്കൂറില്‍ 75 കിലോമീറ്റര്‍. മുവി 125 4ജിയുടെ പ്രീ ബുക്കിങ് വൈകാതെ ആരംഭിക്കുമെന്ന് എയ്സര്‍ അറിയിച്ചിട്ടുണ്ട്. ‘ഹരിതമായ ഭാവിക്കായുള്ള ഞങ്ങളുടെ ലക്ഷ്യത്തെയാണ് എയ്സര്‍ മുവി 125 4ജി പ്രതിനിധീകരിക്കുന്നത്. നഗരയാത്രകളില്‍ നിരവധി പേര്‍ക്ക് ഉപയോഗപ്പെടുന്ന് ഇലക്ട്രിക് ടൂവീലര്‍ ആകുമിത്. ഭാവിയില്‍ വൈദ്യുത ഇരുചക്രവാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഇ ബൈക്കുകളും ഇ സൈക്കിളുകളും പുറത്തിറക്കാന്‍ എയ്സറിന് പദ്ധതിയുണ്ടെന്ന്’ ഇബൈക്ക്ഗോ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഡോ. ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു. എയ്സറിന്റെ ഔദ്യോഗിക ലൈസന്‍സുള്ള സ്ഥാപനമാണ് ഇബൈക്ക്ഗോ.

Top