ഖൊരക്പുര്‍: വിദേശയിനത്തിലുള്ള പശുക്കളുടെ പാല്‍ മനുഷ്യര്‍ക്ക് ദോഷമാണെന്ന് ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്.
നാടന്‍ പശുക്കളുടെ പാല്‍ കുടിക്കണമെന്നും എച്ച്. എഫ്, ജഴ്‌സി തുടങ്ങിയ വിദേശ ഇനങ്ങളില്‍പ്പെട്ട പശുക്കളുടെ പാല്‍ കുടിച്ചാല്‍ അക്രമവാസനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നല്ല ആരോഗ്യമുണ്ടാകുന്നതിന് നാടന്‍ പശുവിന്റെ പാല്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘സനാതന ഹിന്ദു ധര്‍മത്തില്‍ പശുക്കളുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുന്‍ മുഖ്യപുരോഹിതരായ ദിഗ്‌വിജയനാഥ്, അവൈദ്യനാഥ് എന്നിവരുടെ അനുസ്മരണത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇപ്പോഴത്തെ മുഖ്യപുരോഹിതനും മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥും പരിപാടിയില്‍ പങ്കെടുത്തിരുന്നു.