സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി അധിക്ഷേപിച്ചുള്ള പ്രചാരണം തെറ്റാണെന്ന് അച്ചു ഉമ്മന്‍

കോട്ടയം: സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് അച്ചു ഉമ്മന്‍. താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും അവധി കഴിഞ്ഞയുടന്‍ ദുബായിലേക്ക് മടങ്ങുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ വികസനമില്ല എന്ന പ്രചാരണത്തിനെതിരെയും അച്ചു ഉമ്മന്‍ പ്രതികരിച്ചു.

പുതുപ്പള്ളിയില്‍ താമസിക്കുന്ന വ്യക്തികള്‍ക്കറിയാം ഈ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി എന്തെല്ലാം വികസനം നടത്തിയെന്നത്. എതിരാളികളുടെ കൈയില്‍ മറ്റ് ആയുധമില്ലാത്തതുകൊണ്ടാണ് ഇതെല്ലാം പറയുന്നതെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു.

എന്നാല്‍ വികസന സംവാദത്തിന് ചാണ്ടി ഉമ്മന് ഭയമെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. വികസനം തന്നെയാവും പുതുപ്പള്ളിയിലെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെന്ന് വി.കെ സനോജും പറഞ്ഞു. അതേസമയം ജെയ്ക്ക് സി തോമസിന്റെ കൈവശമുള്ളത് പാരമ്പര്യമായി പിതാവില്‍ നിന്നും കിട്ടിയ കുടുംബ സ്വത്ത് മാത്രമാണെന്നും സമൂഹമാധ്യമങ്ങളിലടക്കമുള്ളത് അനാവശ്യ പ്രചാരണങ്ങളെന്നും സഹോദരന്‍ തോമസ് സി തോമസ് വ്യക്തമാക്കി.

ജെയ്ക്ക് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് സ്വത്ത് ഭാഗം വെച്ചിരുന്നില്ല. ഈയടുത്താണ് സ്വത്ത് വീതം വെച്ചത്. അത് കൊണ്ടാണ് ഈ തെരഞ്ഞെടുപ്പായപ്പോള്‍ ജെയ്ക്കിന്റെ കൈവശമുള്ള സ്വത്ത് കൂടിയത് എന്നും സമൂഹ മാധ്യമങ്ങളിലൂടെയടക്കം ഉണ്ടായ അനാവശ്യ പ്രചാരണം മാനസിക പ്രയാസമുണ്ടെന്നും തോമസ് സി തോമസ് പറഞ്ഞു.

Top