കൊല്‍ക്കത്ത: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും യുവതികള്‍ക്കു നേരെ ആസിഡ് ആക്രമണം. കൊല്‍ക്കത്ത നഗരത്തിന്റെ തെക്ക് ഭാഗത്തെ പണ്ഡിത്യ റോഡിലായിരുന്നു സംഭവം. റോഡിനരികിലൂടെ നടക്കുകയായിരുന്ന അഞ്ച് യുവതികളടക്കം ആറ് പേര്‍ക്ക് ആക്രമണത്തില്‍ പൊള്ളലേറ്റു.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ ടാക്സിയെ പിന്തുടര്ന്നെങ്കിലും വണ്ടിയുപേക്ഷിച്ച് ഡ്രൈവറടക്കമുള്ള സംഘം കടന്നുകളയുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന എല്ലാ പെണ്‍കുട്ടികളെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ടാക്സി കസ്റ്റഡിയില്‍ എടുത്ത് പരിശോധന നടത്തിയിട്ടുണ്ടെന്നും രബീന്ദ്ര സരോവര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡി.സി.പി മീറജ് ഖാലിദ് പറഞ്ഞു. പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരമല്ലാത്ത പരിക്കായതിനാല്‍ പ്രാഥമിക ശുശ്രൂഷ നല്കി പെണ്‍കുട്ടികളെ വിട്ടയച്ചു. ആസിഡില്‍ നിന്നേല്ക്കുന്ന തരത്തിലല്ലാത്ത പൊള്ളലായതിനാല്‍ അക്രമികള്‍ ഉപയോഗിച്ച ദ്രാവകം പൊലീസ് ശേഖരിച്ച് ടെസ്റ്റിനയച്ചിട്ടുണ്ട്.
സമീപ പ്രദേശങ്ങളിലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കാര്‍ ഡ്രൈവറായിരുന്ന റിക്കി മൊണ്ടലിനെ പിടികൂടാനുള്ള നീക്കം നടക്കുകയാണെന്നും അയാളുടെ താമസസ്ഥലം കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.