ബംഗളൂരു: പാകിസ്താന്‍ നരകമല്ലെന്ന തന്റെ പരാമര്‍ശം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കന്നഡ നടി രമ്യ.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്യമുണ്ടെന്നും ആര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
രമ്യയ്‌ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് കുടക് കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് പരാമര്‍ശം വിവാദമായത്.
പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞതുപോലെ പാകിസ്താന്‍ നരകമൊന്നുമല്ലെന്നും അവിടെയുള്ളവരും നമ്മളെ പോലുള്ള മനുഷ്യരാണെന്നും സാര്‍ക്ക് രാജ്യങ്ങളുടെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ അവിടെയെത്തിയ തനിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നുമായിരുന്നു മാണ്ഡ്യയില്‍ നടന്ന ഒരു വനിതാ റാലില്‍ സംസാരിച്ച രമ്യ പറഞ്ഞത്.
പാകിസ്താനില്‍ പോകുന്നത് നരകത്തില്‍ പോകുന്നതിന് തുല്ല്യമാണെന്ന പരീക്കറുടെ അഭിപ്രായത്തോടായിരുന്നു രമ്യയുടെ ഈ പ്രതികരണം. വിറ്റല്‍ ഗൗഡ എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. കോടതി ഹര്‍ജി ശനിയാഴ്ച പരിഗണിക്കും.
സാര്‍ക്ക് രാജ്യങ്ങളിലെ യുവ എം.പി.മാരുടെ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയായ ദിവ്യസ്പന്ദന എന്ന രമ്യ പാകിസ്താനിലെത്തിയത്.
രമ്യയ്‌ക്കെതിരെ ട്വിറ്ററിലും രൂക്ഷമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. പഠിപ്പും ജീവിതാനുഭവവുമില്ലാത്ത ആളുകള്‍ പാകിസ്താനെ പുകഴ്ത്തുകയാണ്. ഇവര്‍ക്ക് നോബല്‍ സമ്മാനം നല്‍കേണ്ടതാണ്. അല്ലെങ്കില്‍ ബില്‍ ക്ലിന്റന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ അനുവദിക്കുകയെങ്കിലും വേണം എന്നായിരുന്നു കന്നഡ നടന്‍ ജഗ്ഗേഷിന്റെ പരിഹാസം.