കലാപത്തെ നേരിടാൻ സൈന്യത്തിനു പൂർണ അധികാരം: വിക്രമസിംഗെ

കൊളംബൊ: ഫാസിസ്റ്റുകള്‍ രാജ്യം പിടിച്ചെടുക്കാന്‍ നോക്കുകയാണെന്ന് ശ്രീലങ്കന്‍ ആക്ടിങ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പ്രക്ഷോഭകാരികള്‍ ഇരച്ചെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് എതിരെ പ്രതികരണവുമായി വിക്രമസിംഗെ രംഗത്തുവന്നിരിക്കുന്നത്.

സമാധാനം പുനസ്ഥാപിക്കാന്‍ എന്താണോ വേണ്ടത് അത് ചെയ്യാന്‍ സൈന്യത്തോടും പൊലീസിനോടും ഉത്തരവിട്ടതായി ശ്രീലങ്കന്‍ ദേശീയ ചാനലിലൂടെ നടത്തിയ അഭിസംബോധനയില്‍ വിക്രമസിംഗെ പറഞ്ഞു. ശ്രീലങ്കന്‍ സര്‍ക്കാര്‍ ചാനലായ ജതിക രൂപവാണിയിലേക്ക് പ്രക്ഷോഭകര്‍ ഇടിച്ചു കയറിയിരുന്നു. ഇതിന് പിന്നാലെ ചാനല്‍ സംപ്രേഷണം നിര്‍ത്തി. തുടര്‍ന്ന് സൈന്യം എത്തി ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിന് ശേഷമാണ് രൂപവാണിയിലൂടെ വിക്രമസിംഗെ രാജ്യത്തെ അഭിസംബോധന ചെയ്തത്.

‘ജനാധിപത്യത്തിന് എതിരായ ഈ ഫാസിസ്റ്റ് ഭീഷണി നമ്മള്‍ അവസാനിപ്പിക്കണം. രാജ്യത്തിന്റെ പൊതു സ്വത്തുകള്‍ നശിപ്പിക്കുന്നത് അനുവദിക്കരുത്. രാഷ്ട്രപതിയുടെ ഓഫീസ്, രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി എന്നിവ ശരിയായ രീതിയില്‍ അധികൃതര്‍ക്ക് തിരികെ നല്‍കണം.’-വിക്രമസിംഗെ പറഞ്ഞു.

Top