കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകളും പത്തുദിവസത്തിനുളളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. നിര്‍ദേശം അട്ടിമറിച്ചാല്‍ ഉദ്യോഗസ്ഥര്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും സിംഗിള്‍ ബെഞ്ച് താക്കീത് നല്‍കി.
മുഴുവന്‍ അനധികൃത ഫ്‌ളെക്‌സുകളും കൊടിതോരണങ്ങളും പൊതുയിടങ്ങളില്‍ നിന്ന് പത്തുദിവസത്തിനുളളില്‍ നീക്കം ചെയ്യണം. തദ്ദേശ സ്ഥാനപന സെക്രട്ടറിമാര്‍ക്കാണ് അതിന്റെ ഉത്തരവാദിത്വം. അനധികൃത ബോര്‍ഡുകള്‍ പത്തുദിവസത്തിനുശേഷവും വഴിവക്കില്‍ ശേഷിച്ചാല്‍ അതത് സെക്രട്ടറിമാരില്‍ നിന്ന് പിഴ ഈടാക്കും.
പിടിച്ചെടുക്കുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ പൊതു ഇടങ്ങളില്‍ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യരുത്. ആരോണോ ബോര്‍ഡ് സ്ഥാപിച്ചത് അവരെ തന്നെ തിരിച്ചേല്‍പിച്ച് പിഴയീടാക്കണം. ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം കേസെടുത്ത് പൊലീസും നടപടി തുടങ്ങണം. നടപടികള്‍ നടക്കുന്നുണ്ടെന്ന് അതത് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പു നരുത്തണമെന്നും ഉത്തരവിലുണ്ട്.
ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെങ്കില്‍ ഇടപെടാന്‍ കോടതിക്ക് അറിയാം. എല്ലാ രാഷ്ടീയ പാര്‍ടികളും മല്‍സരിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കുകയാണ്. ഒന്നും ചെയ്യാന്‍ സര്‍ക്കാരിനെക്കൊണ്ടാകുന്നില്ലെങ്കില്‍ അത് സമ്മതിച്ചുതരണം.
ബാക്കി തങ്ങള്‍ നോക്കിക്കൊള്ളാം. ഇതുവഴി ഖജനാവിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തിന്റെ കണക്കുപോലും സര്‍ക്കാര്‍ കോടതിക്ക് കൃത്യമായി തരുന്നില്ല. ഇത് മനപൂര്‍വമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. നടപടിയെടുക്കേണ്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ബന്ധിക്കപ്പെട്ട നിലയിലാണ്. അവര്‍ക്ക് രാഷ്ട്രീയ ഭീഷണി ഉണ്ട്. ഇതാണോ നവകേരള നിര്‍മാണമെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു.